ശ്രീധന്യ സുരേഷ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു; ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ സുരേഷ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു. മുന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍നിന്നാണ് ശ്രീധന്യ സുരേഷ് ചുമതല ഏറ്റെടുത്തത്.
കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ജില്ലാ കളക്ടര്‍ പദവിയിലെത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും ശ്രീധന്യ സുരേഷിനുണ്ട്. ജില്ലയിലെ രണ്ടാമത്തെ വനിതാ ജില്ലാ കളക്ടറുമാണ്. 2021-ല്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആയിരുന്നു ജില്ലയിലെ ആദ്യ വനിത കളക്ടര്‍. 2018ല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയാണ് ശ്രീധന്യ സുരേഷ് ഐഎഎസ് സ്വന്തമാക്കിയത്.

വയനാട് പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലി ഊരില്‍ സുരേഷിന്റെയും കമലയുടെയും മകളാണ് ശ്രീധന്യ സുരേഷ്. കോഴിക്കോട് ദേവഗിരി കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍നിന്ന് ബിരുദാനന്തരബിരുദവും നേടി. ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനം പൂര്‍ത്തിയാക്കി. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍, രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിവിധ ഭരണചുമതലകളിലെ പ്രവര്‍ത്തനപരിചയവുമായാണ് ശ്രീധന്യ സുരേഷ് കാസര്‍കോട് ജില്ലാ ഭരണനേതൃത്വത്തിലെത്തുന്നത്. ഗായക് ആര്‍. ചന്ദാണ് ഭര്‍ത്താവ്. ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഐഎഎസ് പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി വിവിധ മേഖലകളില്‍ വിശദമായ പഠനം നടത്തും.
ദേശീയപാതാ വികസനം, റെയില്‍വേ വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം, പട്ടികവര്‍ഗ ക്ഷേമം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി നിര്‍ണായക വിഷയങ്ങളാണ് പുതിയ ജില്ലാ കളക്ടര്‍ക്ക് മുന്നിലുള്ളത്. ജില്ലയിലെ പിന്നാക്ക മേഖലകളുടെ വികസനത്തിനും സാധാരണ ജനങ്ങളുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഭരണസംവിധാനത്തിനും ഊന്നല്‍ നല്‍കുകയെന്നത് പുതിയ ഭരണനേതൃത്വത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായിരിക്കും.
വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

error: Content is protected !!