നീലേശ്വരം: വര്‍ഷങ്ങളായി സ്പെഷ്യല്‍ ട്രെയിനായി ഉയര്‍ന്ന നിരക്കില്‍ സര്‍വീസ് നടത്തിവന്ന കോയമ്പത്തൂര്‍-ജബല്‍പൂര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് റെഗുലര്‍ സര്‍വീസിലേക്ക് മാറുന്ന സാഹചര്യത്തില്‍, മലയോര ഗേറ്റ്വേയായ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഈ വണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ശക്തമായ ആവശ്യം ഉയരുന്നു.
ട്രെയിന്‍ നമ്പര്‍ 20160/20159 ആയി ഒക്ടോബര്‍ 23 മുതല്‍ റെഗുലര്‍ സര്‍വീസ് ആരംഭിക്കുന്ന ഈ ട്രെയിന്‍ വഴി മംഗളൂരു, ഗോവ, മുംബൈ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. നിലവില്‍ കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.
കാസര്‍ഗോഡ് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ നീലേശ്വരത്തെയും സമീപ പ്രദേശങ്ങളെയും അവഗണിച്ചുകൊണ്ടുള്ള നിലവിലെ ഷെഡ്യൂള്‍ യാത്രികരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനാല്‍ റെഗുലര്‍ സര്‍വീസായി മാറുന്ന ഈ ട്രെയിനിന്റെ സമയക്രമത്തില്‍ നീലേശ്വരം സ്റ്റേഷന് കൂടി ഉള്‍പ്പെടുത്തി അധിക സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രാ സംഘടനകളും ശക്തമായി ആവശ്യപ്പെടുന്നു.
