നീലേശ്വരം: ആര്യംപാടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുരളികയും സി.എസ്. ബാബു സ്മാരക ട്രസ്റ്റും സംഘടിപ്പിച്ച അഖിലകേരള ഏകപാത്ര നാടക മത്സരം ‘മൊഴിയാട്ടം 2026’ ല്‍ ജില്ലയിലെ മടിക്കൈ സ്വദേശിയായ ദേവരാജ് കക്കാട്ട് മുരളിക പുരസ്‌കാരത്തിന്റെ മൂന്നാം സ്ഥാനം നേടി ശ്രദ്ധേയനായി. തൃശ്ശൂര്‍ സി.കെ.സി. എല്‍.പി. രാജഗിരി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 22 ഓളം നാടകങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 11 നാടകങ്ങളാണ് അന്തിമ മത്സരത്തില്‍ പങ്കെടുത്തത്.ദേവരാജ് ഒഴികെ ബാക്കി എല്ലാവരും മുതിര്‍ന്നവരായിരുന്നു. മേക്കാട്ട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവരാജ്, പ്രശസ്ത നാടകസംവിധായകന്‍ വിജേഷ് കാരി രചനയും സംവിധാനവും നിര്‍വഹിച്ച ‘ബന്ദര്‍ കാ’ എന്ന ഏകപാത്ര നാടകമാണ് അവതരിപ്പിച്ചത്. പ്രകൃതി ചൂഷണത്തിനെതിരായ ശക്തമായ സന്ദേശമാണ് നാടകത്തിന്റെ പ്രമേയം. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണിത്.
കേരളത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകരും മുതിര്‍ന്ന കലാകാരന്മാരും അവതരിപ്പിച്ച പത്തോളം നാടകങ്ങളോട് മത്സരിച്ചാണ് 13 വയസ്സുകാരനായ ദേവരാജ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രശസ്ത സിനിമാതാരം സുനില്‍ സുഗത വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ദേവരാജ് കെ.വി. എന്ന പേരില്‍ അറിയപ്പെടുന്ന ദേവരാജ് കക്കാട്ട്, ഡോ. കെ.വി. രാജേഷ് കക്കാട്ടിന്റെയും റീജ ടിയുടെയും മകനാണ്.
കലാ-സാംസ്‌കാരിക രംഗങ്ങളില്‍ ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിയ ദേവരാജ് 2021-ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ, ജില്ലാ കളക്ടറുടെ എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ്, കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ പ്രത്യേക ജൂറി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അഭിനയരംഗത്തും കലാപ്രതിഭയിലും ശ്രദ്ധേയനായ ദേവരാജിന്റെ ഈ നേട്ടം കാസര്‍കോട് ജില്ലയ്ക്കും മടിക്കൈയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ്.
