കാഞ്ഞങ്ങാട്:മഡിയന്‍ കോവിലകത്തെ പുതിയ തായത്ത് വീട്ടില്‍ ഇളമയായി സത്യ കഴകത്തിലെ തായത്ത് വീട്ടില്‍ ബാബു ആചാരം കൊണ്ടു . മഡിയന്‍ കോവിലകത്തെ വിവിധ കഴകങ്ങളില്‍ നിന്നും തറവാടുകളില്‍ നിന്നും വന്ന ആചാരസ്ഥാനികരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ വാരിക്കാട്ട് മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തിലെ കുളത്തില്‍ നിന്നും കുളിച്ചെത്തിയ ബാബു ക്ഷേത്രത്തില്‍ നിന്നും കലശം കുളിച്ചു. തുടര്‍ന്ന് തന്ത്രി താന്ത്രിക രത്‌നം ബ്രഹ്‌മശ്രീ വാരിക്കാട്ട് സുബ്രഹ്‌മണ്യ തായര്‍ മൂന്നുതവണ മടിയന്‍ താഴത്തെ വീട്ടില്‍ ഇളമ എന്ന ആചാരപ്പേര് ചൊല്ലി വിളിച്ച് തായത്ത് വീട്ടില്‍ ഇളമയായി ആചാര സ്ഥാനം നല്‍കി അവരോധിച്ചു. പിന്നീട് മഡിയന്‍ കോവിലകത്ത് ഉച്ച പൂജയ്ക്ക് ശേഷം മേല്‍ ശാന്തി തെക്കില്ലം മാധവന്‍ നമ്പൂതിരിയും ആചാരപ്പേര് ചൊല്ലി വിളിച്ച ശേഷം അത്തിക്കല്‍ ഇളമ ഗംഗാധരന്‍ ഇളയച്ഛന്‍ കാള രാത്രി അമ്മയുടെ ശ്രീകോവിലിലേക്ക് ആദ്യംകൈപിടിച്ച് കയറ്റുകയും പിന്നീട് ക്ഷേത്രപാലകന്റെ ശ്രീകോവിലിലേക്കും ഇത് തുടരുകയും ചെയ്തു. പിന്നീട് തിരിയിട്ട് കത്തിച്ചുവച്ച ചങ്ങല വട്ടയുമേന്തിയ ടി.വി. ബാബു തായത്ത് വീട്ടില്‍ എളമയെ നിലവിളക്കിന്റെയും പുഷ്പ വൃഷ്ടിയുടെയും തറവാട്ട് അംഗങ്ങളുടെയും അകമ്പടിയോടെ തറവാട്ടിലേക്ക് സ്വീകരിച്ചാനയിച്ചു. മഡിയന്‍ കോവിലകത്ത് പൗരാണിക കാലം മുതല്‍ ഉഷ:പൂജയും അത്താഴ പൂജയും നടത്തിയിരുന്നത് സത്യ കഴക പരിധിയിലെ തായത്ത് വീട്ടുകാരും അത്തിക്കല്‍ തറവാട്ടുകാരുമാണ്. അതിന്റെ ഭാഗമായാണ് ആചാരം കൊള്ളല്‍ നടന്നത്. ടി.വി.ഗോവിന്ദന്‍ മൂത്തച്ഛന്‍, സത്യ കഴകം ഭാരവാഹികള്‍, തായത്ത് വീട് ഭാരവാഹികള്‍, വിവിധ കഴക തറവാട്ട് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
