പരപ്പ ശ്രീ തളീക്ഷേത്രത്തില്‍ നിറ മഹോത്സവം സമ്പന്നമായി

പരപ്പ:വിളവെടുപ്പിന്റെ സമൃദ്ധിയും ഐശ്വര്യവും ആഘോഷിക്കാനും നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കാനുമുള്ള നിറ മഹോത്സവം പരപ്പ ശ്രീ തളീക്ഷേത്രത്തില്‍ തനിമയോടെ സമംഗളം ആഘോഷിച്ചു.
വട്ടാപ്പലം, ആല്‍, അരയാല്‍, അത്തി, പ്ലാവ്, മാവ്, ഇത്തി, നെല്ലി, കായല്‍, പൊലിവള്ളി, വെള്ളൂല, കമ്മട്ട, കാഞ്ഞിരം, ശൂദ്രവള്ളി എന്നീ 14 ഇനം സസ്യങ്ങളുടെ ഇലകള്‍ ചേര്‍ത്ത കെട്ടുകളും നിറ കതിരുകളും ശുദ്ധി ചെയ്ത് ഭഗവാനു മുമ്പില്‍ സമര്‍പ്പിച്ചു. നാമജപങ്ങളുടെയും ശംഖ-മണി നാദങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര മേല്‍ശാന്തി രാജേഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജകള്‍ നടന്നു. പൂജിച്ച ഇലക്കെട്ടുകളുടെ മധ്യത്തിലായി കതിരോലം വരുന്ന രീതിയില്‍ തെങ്ങിന്‍ പാന്തം കൊണ്ട് മുറുകെ കെട്ടിയുണ്ടാക്കുന്ന നെറോലങ്ങള്‍ തയ്യാറാക്കി.
ക്ഷേത്ര ശ്രീകോവിലില്‍ മേല്‍ശാന്തിയും അനുബന്ധ കാവുകളായ മുണ്ട്യക്കാവ്, മനിയേരിക്കാവ്, പ്രതിഭാനഗര്‍ മുത്തപ്പന്‍ മടപ്പുര, പരപ്പ അയ്യപ്പ ഭജന മന്ദിരം എന്നിവിടങ്ങളില്‍ കര്‍മ്മികളും ചേര്‍ന്ന് നിറയോല കെട്ടി നിറച്ചു.
ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. പൂജിച്ച നെറോലങ്ങള്‍ ഭക്തര്‍ സ്വഗൃഹങ്ങളിലെ പൂജാമുറി, കിണര്‍, തൊഴുത്ത്, ഫലവൃക്ഷങ്ങള്‍ എന്നിവിടങ്ങളില്‍ കെട്ടി നിറ ആചരിച്ചു.

 

error: Content is protected !!