ആവേശമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ കുടുംബശ്രീയുടെ ‘വയലോര്‍മ്മ-2026’ മഴപൊലിമ; അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി തുളസി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: നാടന്‍പാട്ടും നാട്ടിപ്പാട്ടും നാടന്‍ കളികളും നാട്ടി നടലുമായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ മഴപ്പൊലിമ ‘വയലോര്‍മ്മ. 2026’ കൊട്ടിലങ്ങാട്ട് വയലില്‍ നടന്നു. ഘോഷയാത്രയോടുകൂടി ആരംഭിച്ച മഴപ്പൊലിമയുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കുഞ്ഞാമിന, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി. കാവ്യ, പഞ്ചായത്ത് മെമ്പര്‍മാരായ എ. തമ്പാന്‍, രതീഷ് മല്ലികമാട്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ടി. ഷൈജു,പൊതു പ്രവര്‍ത്തകരായ കോടാട്ട് കൃഷ്ണന്‍ എ. പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ ദീപ പ്രവീണ്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. സുമതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വെള്ളം നിറഞ്ഞ കൊട്ടിലങ്ങാട് പാടത്ത് കുടുംബശ്രീ പ്രവര്‍ത്തകരുടെ ബലൂണ്‍ റൈസ്, ബിസ്‌ക്കറ്റ് തീറ്റ മത്സരം, ഓട്ട മത്സരം, സ്പൂണ്‍ റൈസ്, വെള്ളം നിറച്ച ബലൂണ്‍ പി ടുത്ത മത്സരം എന്നിങ്ങനെ രസകരമായ മത്സര ഇനങ്ങളും അരങ്ങേറി.
പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ രവി വാണിയമ്പാറയുടെ നാടന്‍ പാട്ടിനൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ ആട്ടവും പാട്ടും വയല്‍ ഓര്‍മ്മയ്ക്ക് മിഴിവേകി. ഒപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ നൃത്ത ഇനങ്ങളും വയലില്‍ അരങ്ങേറിയത് കണ്ണിനും കാതിനും കുളിര്‍മ്മയേകിയഅനുഭവമായി മാറി തുടര്‍ന്ന് മഴപൊലി മയില്‍ പങ്കെടുത്ത ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും എല്ലാം ചേര്‍ന്ന് കൊട്ടിലങ്ങാട്ട് വയലിലെ 30 സെന്റ് വയലില്‍ നാട്ടിപ്പാട്ടിന്റെ അകമ്പടിയോടെ ഉമ നെല്‍വിത്തി നത്തിന്റെ ഞാറു ഉപയോഗിച്ച് നാട്ടിയും നട്ടാണ് വയലില്‍ നിന്നും കര കയറിയത്. മഴപ്പൊലിമ ഉത്സവത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും കുത്തരി ഉപയോഗിച്ചുള്ള കഞ്ഞിയും നാടന്‍ ഫലവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുള്ള കൂട്ടുകറിയും പായസമടക്കമുള്ള വിഭവങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. മത്സര വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി,വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.കാവ്യ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

error: Content is protected !!