അധ്യാപകന്റെ സസ്പെന്‍ഷന്‍ : എബിവിപി പ്രതിഷേധ മാര്‍ച്ച് നടത്തി

കാസര്‍കോട്: വി.ഡി. സവര്‍ക്കറുടെ പേര് സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ബദിയടുക്ക പള്ളത്തടുക്ക എ.യു.പി. സ്‌കൂളിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം കെ.പി. അഭിനവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സവര്‍ക്കറുമായി ബന്ധപ്പെട്ട ഒരു ചരിത്രവസ്തുത ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത നടപടി മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന് അനിഷ്ടകരമായ ചരിത്രവസ്തുതകളെ സസ്പെന്‍ഷന്‍ ഉത്തരവുകളിലൂടെ ഇല്ലാതാക്കാനാകില്ലെന്നും വിദ്യാര്‍ഥികള്‍ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ടെന്നും കെ.പി. അഭിനവ് പറഞ്ഞു. ചരിത്രത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിവിപി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹര്‍ഷിണി മായിപ്പാടി,ആദര്‍ശ് നായ്ക്കാപ്പ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!