കടലാക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം: എംഎല്‍ അശ്വിനി

കാസര്‍കോട്: കടുത്ത കടലാക്രമണത്തില്‍ കൃഷിവിളകളും ഭൂമിയും വീടുകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് തീരദേശവാസികള്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എല്‍. അശ്വിനി ആവശ്യപ്പെട്ടു. ബിജെപി കുമ്പള മണ്ഡലം കമ്മിറ്റിയുടെയും ശാരദാനഗര്‍ സംരക്ഷണ കര്‍മ്മസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഓരോ കടലാക്രമണത്തിനുശേഷവും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും, പരിഹാരം ഉണ്ടാകുമെന്ന പതിവ് വാഗ്ദാനങ്ങളില്‍ കാര്യങ്ങള്‍ ഒതുങ്ങുകയാണ്. ദുരിതബാധിതര്‍ക്ക് യഥാസമയം നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും അശ്വിനി ആരോപിച്ചു.

മൂസോഡി മുതല്‍ ഷിറിയ വരെയുള്ള തീരപ്രദേശത്ത് ശാസ്ത്രീയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുക, കൃഷിനാശം ഉള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കുക, വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുവരെ സമരം തുടരുമെന്നും അശ്വിനി മുന്നറിയിപ്പ് നല്‍കി.

നൂറുകണക്കിന് സ്ത്രീകളും മത്സ്യത്തൊഴിലാളികളും പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ബി.സി. റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കളക്ടറേറ്റിലേക്ക് നീങ്ങി. കളക്ടറേറ്റിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു.

തുടര്‍ന്ന് ബിജെപി നേതാക്കളും മത്സ്യത്തൊഴിലാളി പ്രതിനിധികളും ജില്ലാ കലക്ടറെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു.

ശാരദാനഗര്‍ തീരദേശ കര്‍മ്മസമിതി പ്രസിഡന്റ് ശശികാന്ത് കടപ്പറം അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, ജില്ലാ സെക്രട്ടറി പ്രമീള മജല്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രേപ്പാടി, കുമ്പള മണ്ഡലം പ്രസിഡന്റ് ബി. വിക്രം പൈ, മത്സ്യത്തൊഴിലാളി നേതാവ് സുരേഷ് കീഴൂര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പി. വത്സരാജ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!