പെരിയ ബസാറിലെ ദേശീയപാതയിലെ പഴയ അടിപ്പാതയുടെ വീതി കൂട്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ അടിപാത നിര്‍മിക്കണം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം

പെരിയ : പെരിയ ബസാറിലെ ദേശീയപാതയിലെ പഴയ അടിപ്പാതയുടെവീതി കൂട്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ അടിപാത നിര്‍മിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. സര്‍വീസ് റോഡിന്റെ വീതി കുറവായതിനാല്‍ പ്രധാന റോഡിലേക്ക് സുരക്ഷിതമായി പ്രവേശിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ഒരേസമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന പുതിയ അടിപ്പാത നിര്‍മ്മിക്കണമെന്നും സമിതിയുടെ ആവശ്യം. കൂടാതെ ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാതെ ചാലിങ്കാല്‍ ടോള്‍ ബൂത്ത് തുറക്കരുതെന്നും പ്ലാസ്റ്റിക്കിന്റെ പേരില്‍ ഉദ്യോഗസ്ഥന്മാരുടെ അന്യായ കട പരിശോധന തടയണമെന്നും ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും സമ്മേളനം മറ്റ് പ്രമേയങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പെരിയ സുരഭി ഓഡിറ്റോറിയത്തിലെ ടി.വി. അശോകന്‍, കെ. ഗോപാലന്‍ നായര്‍ നഗറില്‍ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്. ദിനേശ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ. വി. ദിനേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി. കെ. ഗോപാലന്‍ സംഘടനാ റിപ്പോര്‍ട്ടും കെ. വി. സുകുമാരന്‍ അനുശോചന പ്രമേയവും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സത്യന്‍, വ്യാപാരി മിത്ര ജില്ലാ കണ്‍വീനര്‍ ടി. ശശിധരന്‍ കൈരളി, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി ലിജു അബൂബക്കര്‍, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ എ. ശബരീശന്‍,എം. മാധവന്‍, രാജന്‍ മണിയറ, സി. അനിത, വി. കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഷാജീവന്‍ ആയമ്പാറ സ്വാഗതവും കെ. അനീഷ് ദീപം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. വി. ദിനേശനെ സെക്രട്ടറിയായും, മുഹമ്മദ് മുറിയനാവിയെ പ്രസിഡന്റായും കെ. വി.സുകുമാരനെ ട്രഷററായും തെരഞ്ഞെടുത്തു..

 

error: Content is protected !!