നിതിന്‍ രാജിന്റെ മരണം: ഡോ.റാമിന് രക്ഷപ്പെടാന്‍  ഡിവൈഎസ്പി പഴുതൊരുക്കി, ‘എന്തിനാണ് ഇങ്ങനെയൊരു പോലീസ്?’ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എം.കെ. റാമിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പിടികൂടിയ ആദ്യദിവസം തന്നെ റാമിന് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു.
പ്രതിയെ പിടികൂടുന്നതില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും ഇങ്ങനെയൊരു പോലീസ് എന്തിനാണെന്നും കോടതി ചോദിച്ചു.പ്രതിക്ക് രക്ഷപ്പെടാന്‍ ഡിവൈഎസ്പി പഴുതൊരുക്കുകയായിരുന്നു. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? നടപടിക്രമം പാലിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന്
അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് പ്രതിയെ രക്ഷിക്കാനാണെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണം. പ്രതിയുടെ അഭിഭാഷകനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പണത്തിന് മീതെ പരുന്തും പറക്കില്ല. പ്രതിയുടെ പണവും ആനുകൂല്യവും പറ്റി നടക്കുകയായിരുന്നു പോലീസ്. ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്.

നിതിന്‍ രാജിന്റെ മരണത്തില്‍ സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പോലീസ് ഡോ. റാമിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റില്‍ നടപടിക്രമങ്ങള്‍ കൃത്യമായിരുന്നില്ല. ഇതേത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതിയെ പിടികൂടാന്‍ പോലീസ് കൃത്യമായ ശ്രമങ്ങള്‍ നടത്തിയില്ല. പ്രതിക്ക് സഹായകമാകുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മറ്റു വഴികളില്ലാത്ത
സാഹചര്യത്തിലാണ് അറസ്റ്റ് ഉണ്ടായതെന്നും സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു.

പോലീസില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഡോ. റാമിനെ രക്ഷിക്കാനുള്ള ഗൂഢാലോചന
ഉണ്ടായെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

error: Content is protected !!