റഷ്യന്‍ മിസൈല്‍ ആക്രമണം:വെള്ളരിക്കുണ്ട് സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

വെള്ളരിക്കുണ്ട്: ഉക്രെയിനില്‍ ചരക്കുകപ്പലിനു നേരെയുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ടിലെ വാളിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ജോലി സ്ഥലത്ത് നിന്നും മരണപ്പെട്ട വിവരം വീട്ടുകാര്‍ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ഉക്രെയ്‌നിലെ ഒഡെസ തീരത്താണ് ആക്രമണമുണ്ടായത്. അഖില്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ഗിനിയ-ബിസാവുവിന്റെ പതാകയേന്തി സഞ്ചരിച്ചിരുന്ന ഗോള്‍ഡന്‍ ലിയോ എന്ന കപ്പലിനു നേരെ റഷ്യന്‍ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയതായി ഉക്രേനിയന്‍ വ്യോമസേന അറിയിച്ചു. ഇന്ത്യന്‍, സിറിയന്‍ നാവികര്‍ ഈ കപ്പലിലുണ്ടായിരുന്നു. എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഉക്രേനിയന്‍ നാവികസേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഒരു ഉക്രേനിയന്‍ പൈലറ്റും കൊല്ലപ്പെട്ടു.
19-ാം വയസിലാണ് അഖില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്. ഒരുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ച് തിരിച്ചു പോയത്. വടംവലി താരമായ ജോയന്‍ ഫിംഗര്‍ പുള്ളിംഗില്‍ റിക്കാര്‍ഡ് ഹോള്‍ഡറാണ്.

error: Content is protected !!