കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് അടിയന്തരവും സമയബന്ധിതവുമായ പരിഹാരം ആവശ്യപ്പെട്ട് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ചെറുവത്തൂര്‍ ഉപജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അവകാശപത്രിക സമര്‍പ്പിച്ചു.
അവകാശപത്രിക കൈമാറി. കെ.എസ്.ടി.യു സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹമീദ് പി., ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ ആരിഫ എം.ടി.സി., ഷുഹൈബ് പി.വി., റഫീഖ് കള്ളാര്‍, അസ്ലം എം.എ. ദാവൂദ് സി എം എന്നിവര്‍ സംബന്ധിച്ചു.
അധ്യാപക നിയമനാംഗീകാരം, തസ്തിക നിര്‍ണയം, പ്രമോഷന്, സര്‍വീസ് സംബന്ധമായ പ്രശ്നങ്ങള്‍, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങള്‍ തുടങ്ങി പൊതുവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച 39 ആവശ്യങ്ങളടങ്ങിയ സമഗ്രമായ അവകാശപത്രികയാണ് സമര്‍പ്പിച്ചത്.
സ്റ്റാഫ് ഫിക്സേഷന് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, അധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുക, അര്‍ഹമായ പ്രമോഷനും സര്‍വീസ് ആനുകൂല്യങ്ങളും ഉറപ്പാക്കുക, വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകള്‍ നികത്തുക, വിദ്യാഭ്യാസ ഓഫീസുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന അധ്യാപകരുടെ ഫയലുകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അവകാശപത്രികയില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.
അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്.ടി.യു ആവശ്യപ്പെട്ടു. അധ്യാപക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി സംഘടന ശക്തമായ ഇടപെടലുകളും തുടര്‍പ്രവര്‍ത്തനങ്ങളും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
