നെല്ലിത്തറ പുലയനടുക്കത്ത് സ്‌കൂട്ടി തടഞ്ഞ് യുവതിയുടെ മാല കവര്‍ന്ന കേസ്: പ്രതികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:  സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മാവുങ്കാല്‍ നെല്ലിത്തറ പുലയനടുക്കത്തെ പി. സിന്ധുവിനെ തടഞ്ഞു നിര്‍ത്തി മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസിലെ സൂര്യന്‍ (26), കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പതേക്കര്‍ ഹൗസിലെ അനസ് എന്ന റമ്പുട്ടാന്‍ അനസ് (29) എന്നിവരെയാണ് പിടികൂടിയത്.

ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ നടപടിയിലാണ് അറസ്റ്റ്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയില്‍ നടന്ന കവര്‍ച്ചക്കേസില്‍ പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവര്‍ച്ചയും ഇവരുടേതാണെന്ന് വ്യക്തമായത്. കൂത്തുപറമ്പ് എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 299 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ പ്രതികളുടെ മുഖം വ്യക്തമാകാതിരുന്നത് അന്വേഷണം ദുഷ്‌കരമാക്കി. എന്നാല്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ ചായ കുടിക്കാനെത്തിയപ്പോള്‍ ഹെല്‍മറ്റ് മാറ്റി നടക്കുന്നതിന്റെ ദൃശ്യം ലഭിച്ചതോടെയാണ് അനസിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് അനസിനെ അറസ്റ്റ് ചെയ്യുകയും, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ സൂര്യനെയും പിടികൂടുകയും ചെയ്തു. കാഞ്ഞങ്ങാട്ടെ കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ മംഗളൂരു ഭാഗത്തേക്ക് കടന്നു. ഉപയോഗിച്ച സ്‌കൂട്ടര്‍ അവിടെ ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. കവര്‍ച്ച നടത്തിയ കാര്യം പ്രതികള്‍ സമ്മതിച്ചതായും, കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു വരുമെന്നും ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു. ജൂലായ് 2 ന് വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തില്‍ വീടിന് 100 മീറ്റര്‍ അടുത്ത് വെച്ചാണ് സംഭവം.

 

error: Content is protected !!