നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എല്‍.എ സന്ദീപ് വാര്യര്‍

നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിന്റെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. സ്‌കൂളില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനായി അടുത്ത ബജറ്റില്‍ 50 ലക്ഷം രൂപ നീക്കിവെക്കുമെന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ പ്രഖ്യാപിച്ചു. 2025-26 അധ്യയന വര്‍ഷത്തില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി പിടിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘വിജയോത്സവം 2026’ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സമര്‍പ്പിച്ച നിവേദനത്തിന് മറുപടിയായാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നീണ്ടകാലത്തെ ഈ ആവശ്യത്തിന് എം.എല്‍.എ അനുകൂല തീരുമാനം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ നിറഞ്ഞ കൈയടികളോടെയാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും സ്വീകരിച്ചത്.
പിടിഎ പ്രസിഡന്റ് വിനോദ് കുമാര്‍ അരമന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഉദയവര്‍മ്മ രാജ, പൂര്‍വ്വവിദ്യാര്‍ത്ഥി അസോസിയേഷന്‍ പ്രസിഡന്റ് എറുവാട്ട് മോഹനന്‍, ദിനേശ് കുമാര്‍ കെ., രാജേഷ് വി.വി., സരിത പി., സ്റ്റാഫ് സെക്രട്ടറി അനുരാധ വി.ഇ., എസ്.ആര്‍.ജി. കണ്‍വീനര്‍മാരായ ഷാജി പി., പ്രസീത പി. എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രത്‌നമണി കെ. സ്വാഗതവും ഹെഡ്മിസ്ട്രസ് കലാ ശ്രീധര്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

 

error: Content is protected !!