ബിജെപി തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിടുന്ന പാര്‍ട്ടിയല്ല: എം.ടി. രമേശ്

കാസര്‍കോട്: തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും, മൂന്ന് പതിറ്റാണ്ടോളം അധികാരത്തിന് പുറത്തായിരുന്നപ്പോഴും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാതിരുന്നതിന് കാരണം നേതാക്കളും പ്രവര്‍ത്തകരും വ്യക്തിതാല്‍പര്യത്തേക്കാള്‍ പാര്‍ട്ടിക്കും രാഷ്ട്രത്തിനും പ്രാധാന്യം നല്‍കിയതാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ കാസര്‍കോട് സംഘടനാ മണ്ഡലം പ്രശിക്ഷണ മഹാ അഭിയാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ പല രാജ്യങ്ങളും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം നേരിട്ടപ്പോഴും ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുപോലും ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് സാധിച്ചു. കോണ്‍ഗ്രസ് നേതാവായിരിക്കെ തന്നെ നരേന്ദ്ര മോദിയെ ‘ലോകനേതാവ്’ എന്ന് വിശേഷിപ്പിക്കാന്‍ ശശി തരൂര്‍ എം.പി. തയ്യാറായി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞതും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും
അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ എല്ലാ രാഷ്ട്രീയ നീക്കങ്ങളും നടത്തിയിട്ടും ബിജെപിക്കെതിരെ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. ദേശീയ തലത്തില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റം വൈകാതെ കേരളത്തിലും പ്രതിഫലിക്കുമെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.

ബിജെപി മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, ജില്ലാ ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എന്‍. സതീഷ്, ഹരീഷ് നാരമ്പാടി, മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീധര കൂട്‌ലു, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനിതാ നായിക്, മണ്ഡലം ട്രഷറര്‍ ഹരീഷ് കെ. ആര്‍., മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ബാഗ്, സീന ഷെട്ടി കജെ എന്നിവര്‍ സംസാരിച്ചു.
പുളിക്കൂര്‍ ശ്രീ മഹാദേവ സഭാഭവനില്‍ നടക്കുന്ന ദ്വിദിന പഠനശിബിരത്തില്‍ ഏരിയ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നൂറിലധികം ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു.

 

error: Content is protected !!