മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

മേപ്പാടി: വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷിപ്പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. കാലാവസ്ഥ അനുകൂലമായതും പുഴയിലെ വെള്ളം തെളിഞ്ഞതും തിരച്ചില്‍ ദൗത്യത്തിന് വലിയ സഹായമായിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയില്‍നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ, സര്‍വേയര്‍ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. മീനാക്ഷിപ്പുഴയില്‍ നിന്ന് പുതുതായി കണ്ടെടുത്ത മൃതദേഹം ഇവരില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള
പരിശോധനകള്‍ നടന്നു വരികയാണ്.

മൂന്നുപേരുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്താനായത്. സര്‍വേയറായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി, എന്‍ജിനിയറായ ഹിമാചല്‍ സ്വദേശി രാഹുല്‍ ശര്‍മ, എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരുടെ മൃതദേഹം വിവിധഭാഗങ്ങളില്‍നിന്നായി കണ്ടെത്തി. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ മീനാക്ഷിപാലത്തിന്റെ ഇടതുവശത്തുനിന്നാണ് ഇമ്രാന്റെ മൃതദേഹം ലഭിച്ചത്. മീനാക്ഷിപ്പുഴയില്‍ ബസ് വീണതിന് സമീപത്തുനിന്ന് പത്തുമണിയോടെ എന്‍ജിനിയര്‍ രാഹുല്‍ ശര്‍മയുടെ മൃതദേഹവും പന്ത്രണ്ടുമണിയോടെ പുഴയുടെ വലതുഭാഗത്തുനിന്ന് ഉത്തര്‍പ്രദേശ് വാരാണസി സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹവും ലഭിച്ചു.
ഒരാളെക്കൂടി കണ്ടെത്താനുള്ള സാഹചര്യത്തില്‍ തുരങ്കപാതയില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് തിരച്ചില്‍ തുടരും. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, സന്നദ്ധസേനകള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ തുടരുക.

error: Content is protected !!