നീലേശ്വരം പഴയ പാലം പൊളിച്ചുമാറ്റി പുതിയപാലം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി നീലേശ്വരം നഗരസഭ ജനകീയ കര്‍മസമിതി നിവേദക സംഘത്തോട് ഉറപ്പ് നല്‍കി

നീലേശ്വരം. നീലേശ്വരം പഴയ പാലം പൊളിച്ചുമാറ്റി പുതിയപാലം നിര്‍മ്മിക്കുമെന്നും കോട്ടപ്പുറത്ത് 15 മീറ്റര്‍ വീതിയില്‍ അടിപ്പാതയും കരുവാച്ചേരിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ഗരി നീലേശ്വരം നഗരസഭ ജനകീയ കര്‍മസമിതി നിവേദക സംഘത്തോട് ഉറപ്പ് നല്‍കി. പുതിയതായി നിര്‍മ്മിക്കുന്ന പാലത്തില്‍ നിന്നും രാജാ റോഡിലക്ക് എക്‌സിറ്റും കോട്ടപ്പുറം റോഡില്‍ നിന്നും ദേശീയ പാതയിലേക്ക് എന്‍ട്രിയും സ്ഥാപിക്കും,രാജാ റോഡിലേക്കുള്ള അടിപ്പാത 15 മീറ്ററായി വര്‍ദ്ധിപ്പിക്കുമെന്നും ഇത് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. പുതുതായി നിര്‍മ്മിക്കുന്ന കച്ചേരി കടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിലേക്ക് എക്‌സിറ്റും എന്‍ട്രിയും നല്‍കും. നീലേശ്വരത്ത് പില്ലര്‍ ബേസ്ഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മന്ത്രി സാധ്യതകള്‍ ആരാഞ്ഞു.നീലേശ്വരത്ത് പില്ലര്‍ ബേസ്ഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. പഴയ പാലം പൊളിച്ച് പണിയുമ്പോള്‍ ഇപ്പോള്‍ നിര്‍മ്മിച്ച പാലത്തിന്റെ ഉയരത്തില്‍ മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ ഇത് പില്ലര്‍ ബേയ്ഡാക്കി മാറ്റുമ്പോള്‍ 4 മിറ്റര്‍ മാത്രമെ ഉയരം ലഭിക്കുകയുള്ളൂ ഇതില്‍ നിന്നും ഒന്നര മീറ്റര്‍ വീതിയില്‍ ബീമുകള്‍ നിര്‍മ്മിക്കേണ്ടി വരുമ്പോള്‍ മേല്‍ പാലത്തിന് രണ്ടര മീറ്റര്‍ മാത്രമേ ഉയരം ലഭിക്കുകയുള്ളൂവെന്നും വെള്ളക്കെട്ടുള്ള പ്രദേശമായതിനാല്‍ കുഴിയെടുത്ത് റോഡ് നിര്‍മ്മിക്കാന്‍ സാങ്കേതികമായി സാധ്യമല്ലെന്നും മന്ത്രിയും കര്‍മ്മസമിതി ഭാരവാഹികളും തമ്മിലുള്ള ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ പില്ലര്‍ ബേസ്ഡ് ഓവര്‍ ബ്രിഡ്ജ് എന്ന ആവശ്യം സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെസാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ എം പി പി കരുണാകരന്‍,നഗരസഭാ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി വൈസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, കര്‍മസമിതി രക്ഷാധികാരി മാമുനി വിജയന്‍, വൈസ് ചെയര്‍മാന്‍മാരായ അഡ്വ. കെ പി നസീര്‍, സാഗര്‍ ചാത്തമത്ത്, സേതുബങ്കളം, എം ജയറാംഎന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്.സമരസമിതിയും മന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫിയും കണ്‍വീനര്‍ ഇ. ഷജീറും അറിയിച്ചു.

error: Content is protected !!