കാസര്‍കോട്: സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര അനുവദിച്ചതിലൂടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസുകളുടെയും വരുമാനത്തെ സാരമായി ബാധിച്ചതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി റെഗുലര്‍ സര്‍വീസ് നടത്തുന്ന റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ അടിക്കാനുള്ള വരുമാനം പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. മറ്റു റൂട്ടുകളില്‍ ദൈനംദിന കളക്ഷനില്‍ 1500 രൂപ മുതല്‍ 3000 രൂപ വരെയാണ് ഒരു ബസിന് കളക്ഷനില്‍ നഷ്ടപ്പെടുന്നത്. സൗജന്യയാത്ര വോട്ടര്‍ ഐഡി മുഖേന ഒരുദിവസം രണ്ട് യാത്രയായി നിജപ്പെടുത്തുക, ഇന്റര്‍ സ്റ്റേറ്റ് ടൗണ്‍ ടു ടൗണ്‍ ബസുകളില്‍ സൗജന്യമനുവദിക്കരുത്, തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കുക, വനിതാ സൗജന്യം കേരളത്തിലെ വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക, ഡീസലിന് 50 ശതമാനം സബ്‌സിഡി അനുവദിക്കുക, സര്‍ക്കാര്‍ ജീവനക്കാരായ മുഴുവന്‍ സ്ത്രീകളെയും ഒഴിവാക്കി വിദ്യാര്‍ത്ഥികളെയും 65 വയസിന് മുകളിലുള്ള സ്ത്രീ പുരുഷന്മാരെയും സൗജന്യ യാത്രയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെയും തൊഴിലാളി സംഘടനകളുടെയും അഭിമുഖ്യത്തില്‍ നാളെ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ച് ഒരുദിവസത്തെ സൂചനാ പണിമുടക്ക് നടത്തുന്നത്. രാവിലെ 10.30ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി ടി. ലക്ഷ്മണന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ. ഗിരി കൃഷ്ണന്‍, കെ.വി ബാബു പങ്കെടുത്തു.
