കൊറിയര്‍ സര്‍വീസ് വഴി എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്നായ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച യുവാവ് ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയില്‍. ചിത്താരി സ്വദേശിയായ ജാവിദ് അലവി (33) ആണ് അറസ്റ്റ് ചെയ്തത്. അജാനൂര്‍ ഗ്രാമത്തിലെ മഡിയനില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴി, നിയമം മൂലം നിരോധിച്ച മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. പാര്‍സല്‍ അയക്കാനായി നല്‍കിയ പാക്കറ്റില്‍ 1.580 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ ആണ് ഉണ്ടായിരുന്നത്. പാര്‍സല്‍ അയക്കാനായി എത്തിയ ജാവിദ്  അപൂര്‍ണമായ വിലാസമാണ് നല്‍കിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊറിയര്‍ ജീവനക്കാര്‍ അയക്കുന്നയാളുടെ പൂര്‍ണമായ വിലാസം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാര്‍സല്‍ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹോസ്ദുര്‍ഗ് പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, നിയമപ്രകാരമുള്ള സീഷര്‍ മഹസ്സര്‍ തയ്യാറാക്കി 1.580 ഗ്രാം എം.ഡി.എം.എ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍, നീതു തച്ചഞ്ചേരി, പ്രേമന്‍ സിവി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാകേഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, രമിത്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

error: Content is protected !!