കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എസ്‌ഐടി തലവന്‍ എസ്പി എസ് ശശിധരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. അടച്ചിട്ട കോടതിമുറിയില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
2019ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും നടപടിക്രമങ്ങളും എസ്‌ഐടി ഇതോടെ പൂര്‍ത്തിയാക്കുകയാണ്. റിപ്പോര്‍ട്ടില്‍ 2025ല്‍ സ്വര്‍ണപാളികള്‍ കൊണ്ടുപോയതിലെ ക്രമക്കേടും വീഴ്ചകളും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള അനുമതി നല്‍കാനുള്ള ഫയല്‍ 2024ല്‍ രൂപപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസം പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
രേഖകളും തെളിവുകളും ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കാനും പ്രതിയില്‍ നിന്ന് കൂടുതല്‍ വ്യക്തത വരുത്താനും വേണ്ടിയാണ് എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്
സ്മാര്‍ട്ട് ക്രിയേഷന്‍സുമായി നടത്തിയ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത തേടിയതായും സൂചനയുണ്ട്.
2019ല്‍ സ്വര്‍ണം പൂശിക്കൊണ്ടുവന്ന ശില്‍പ്പങ്ങള്‍ ആറു വര്‍ഷത്തിനകം എങ്ങനെ നിറം മങ്ങിയെന്നതിനും വ്യക്തത തേടി. പി എസ് പ്രശാന്തിന്റെ കാലത്ത് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിനു പിന്നില്‍ വീഴ്ചയും ക്രമക്കേടുമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്നതും അന്വേഷിച്ചു.
