സോളാര്‍ വിളക്കുകളുടെ ബാറ്ററി മോഷണം: മൂന്നുപേര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് ചെറിയ വിലയ്ക്ക് വിറ്റഴിച്ചിരുന്ന സംഘത്തിലെ മൂന്നുപേരെ ചന്തേര
എസ് എച്ച് ഒ. എം. വി. ഷിജുവിനെ നേരിട്ടുള്ള പോലീസ് സംഘം ചെയ്തു.
അസം സംസ്ഥാനത്തെ ഗോള്‍പാറ സ്വദേശികളായ നബി പരമണിക്(45), അല്‍ജൗഹീദുല്‍ ഇസ്ലാം (26), റൗഫി ഗുല്‍ ഇസ്ലാം (41) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിലവില്‍ പടന്നക്കാട് പ്രദേശത്താണ് താമസിച്ചിരുന്നത്.
വലിയപറമ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന സോളാര്‍ ബാറ്ററി മോഷണ പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.
സോളാര്‍ ലൈറ്റുകള്‍ കാണാതായതോടെ നടത്തിയ പരിശോധനയാണ് ബാറ്ററി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോയതായി തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് വലിയപറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിമ്മി ജോണ്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്
പ്രതികള്‍ അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് മോഷ്ടിച്ച രണ്ട് സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച ബാറ്ററികള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായിരുന്നു സംഘത്തിന്റെ രീതി എന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. 80,000 രൂപയുടെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണമാണ് മോഷണം പോയെന്നാണ് സെക്രട്ടറി പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. അറസ്റ്റിലായ സംഘത്തില്‍ മൂന്നുപേരെ കൂടാതെ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലുണ്ടായ സമാന മോഷണങ്ങളുമായും ഈ സംഘത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘത്തില്‍ എസ് ഐ. എന്‍ കെ സതീഷ് കുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അമല്‍ രാമചന്ദ്രന്‍, ഹരീഷ് കുമാര്‍, സി ഷിജിത് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 

error: Content is protected !!