രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി : കാഞ്ഞങ്ങാട്ട് സാകാര്‍ വൈചാരിക സദസ് സംഘടിപ്പിച്ചു; നാടിന്റെ കരുത്ത് പരസ്പര്യത്തില്‍ ഊന്നിയുള്ള സനാതന ധര്‍മ്മം: കെ പി രാധാകൃഷ്ണന്‍

കാഞ്ഞങ്ങാട്: സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പരമമായ വൈഭവത്തിലേക്ക് എത്തിക്കാന്‍ രാഷ്ട്രത്തിന്റെ സമസ്ത വ്യാവഹാരിക മേഖലകളിലും സ്വതന്ത്രമായ, സധൈര്യം മുന്നോട്ട് പോകാന്‍ പറ്റുന്ന ജനവിഭാഗങ്ങള്‍ ഉണ്ടാകുക എന്നതാണ് രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ ലക്ഷ്യമെന്നും ലക്ഷ്യ പൂര്‍ത്തീകരണത്തിനായി വ്യക്തിനിര്‍മ്മാണം എന്ന് മഹത്തായ പ്രക്രിയയിലൂടെയാണ് സംഘം മുന്നോട്ട് പോകുന്നതെന്നും ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹ ബൗതിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ധിയോടാനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘ ജില്ലാ രാജ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച സാകാര്‍ വൈചാരിക സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നാടിന്റെ കരുത്ത് പാരസ്പര്യത്തില്‍ ഊന്നിയുള്ള സനാതന ധര്‍മ്മം ആണെന്നും ഈ ആശയം ഭാരതത്തോളം പഴക്കമുള്ള ഒന്നാണ്. ഹിന്ദുത്വമെന്ന ആശയം മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയാണെന്നും ഇതുതന്നെയാണ് സനാതന ധര്‍മ്മം. നൂറാം വര്‍ഷത്തില്‍ ആഘോഷ പരിപാടികള്‍ക്കപ്പുറത്ത് കുടുംബ പ്രബോധന്‍, സാമൂഹ്യ സമരസത, സ്വദേശി, പ്രകൃതി സംരക്ഷണം, പൗര ധര്‍മ്മം എന്നീ പ്രധാനപ്പെട്ട ആശയങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ ആളുകളുടെ കൂട്ടായ്മയിലൂടെ മുന്നോട്ടു പോകാനാണ് സംഘം ആഗ്രഹിക്കുന്നത്. വസുദൈവ കുടുംബം എന്നാണ് സംഘം മുന്നോട്ടുവച്ചിട്ടുള്ളത്. കുടുംബം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ഒരാള്‍ക്ക് എവിടെയും ഇരിക്കാന്‍ സാധിക്കുകയുള്ളൂ. പാറ്റകളുടെ രൂപത്തില്‍ ചില ശക്തികള്‍ കുടുംബത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നു. നമ്മുടെ കുടുംബവ്യവസ്ഥ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സംഘത്തിന് ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉണ്ട്. ആര്‍എസ്എസിനെ മനസ്സിലാക്കിയിട്ടില്ലാത്ത കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ അഭിപ്രായങ്ങള്‍ പറയുന്നു. ആര്‍എസ്എസ് സാംസ്‌കാരിക സംഘടന മാത്രമാണ്. മതസംഘടനയല്ലെന്ന് ഇനിയെങ്കിലും ഇവര്‍ തിരിച്ചറിയണം. തന്റെ മതത്തില്‍ വിശ്വസിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നും ദൈവത്തിലേക്കുള്ള വഴിയാണെന്നും എല്ലാ മത സംഘടനകളും അവകാശപ്പെടുന്നത്. ആര്‍എസ് എസ് നിത്യശാഖയിലൂടെ സംസ്‌കാരമുള്ള വ്യക്തികളെ വളര്‍ത്തുന്നു. വ്യക്തികള്‍ സമൂഹത്തെ വളര്‍ത്തുന്നു. ഭാരതത്തെ അവഗണിച്ച് ഇന്ന് ഏത് ലോക രാഷ്ട്രങ്ങള്‍ക്കും മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും ഭാരതം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സംഘചാലക് കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷനായി. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.സിദ്ധു പി. അല്‍ഗുര്‍ മുഖ്യാതിഥിയായി. ജില്ലാ സേവാ പ്രമുഖ് പി.ബാബു സ്വാഗതവും ജില്ലാ സഹകാര്യവാഹ് വി.ശ്രീജിത്ത് നന്ദിയും പറഞ്ഞു. നന്ദിത ബാബുരാജ് വന്ദേമാതരവും ആവണി രാഗേഷ് ദേശീയഗാനവും ആലപിച്ചു. പരിപാടിയുടെ മുന്നോടിയായി സംഘം എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.

 

error: Content is protected !!