പാക്കം: കാലപ്പഴക്കം വിള്ളല്‍ വീഴ്ത്തിയ വീടിന്റെ മേല്‍ക്കൂരയിലൂടെ മുറിയിലേക്ക് അരിച്ചെത്തുന്ന മഴവെള്ളം നോക്കി അവള് കണ്ണീരോയുക്കിയില്ല, പകരം ലക്ഷ്യത്തിലേക്ക് മാത്രം കണ്ണുനട്ട് പഠിച്ചു. പ്രതിസന്ധികളില്‍ തളരാതെ പോരാടി കേന്ദ്രസര്‍വ്വകലാശാല എം എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്കെന്ന അഭിമാന നേട്ടത്തിന്റെ നിറവിലാണ് പാക്കം കണ്ണംവയല്‍ മൂലയടുക്കം ചന്ദന ചന്ദ്രന് എന്ന മിടുക്കി. ഈ വിജയത്തിന് മധുരത്തേക്കാളേറെ കണ്ണീരിന്റെ ഉപ്പുരസം കൂടിയുണ്ട്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ബാക്കിവെച്ച് 6 മാസം മുമ്പ് വിടവാങ്ങിയ നിര്‍മ്മാണ തൊഴിലാളിയായ അച്ഛന് ചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ചന്ദന അര്‍പ്പിക്കുന്ന പ്രണാമം കൂടിയാണ് ഈ റാങ്ക്. ആറ് സെന്റ് ഭൂമിയിലെ ഏത് സമയത്തും നിലം പോത്താറായ വീട്. സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളിയായ അമ്മ ഉഷയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പഠനത്തിന് തയ്യാറെടുക്കുന്ന അനുജന് നിരഞ്ജന്റെയും അമ്മയുടെയും തണലായി മാറണമെന്ന ആഗ്രഹം കൂടിയുണ്ട് ചന്ദനയ്ക്ക്.
ലൈഫ് മിഷന് പദ്ധതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീടിന് അപേക്ഷിച്ചെങ്കിലും ചന്ദ്രന് മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് വീട് അനുവദിച്ചത്. ഉടന്‍ തറ കെട്ടിയെങ്കിലും മാസങ്ങളായി ആദ്യ ഗഡു പണം അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇടിഞ്ഞു വീഴാറായ വീട്ടില്‍ കാലവര്‍ഷം കനത്തത്തോടെ ഭയത്തോടെയാണ് ഈ കുടുംബം കഴിയുന്നത്.
ഇനി ബി എഡിന് ചേര്‍ന്ന് അധ്യാപികയാകണം എന്നതാണ് ചന്ദനയുടെ ലക്ഷ്യം. പിന്നെ അച്ഛന് പാതിവഴിയില്‍ നിര്‍ത്തിപ്പോയ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം. ജീവിതത്തില്‍ ഇരുള് പടരുമ്പോയും ചന്ദന നേടിയ ഒന്നാം റാങ്ക് നടിനും അഭിമാനമാകുകയാണ്. കെ നീലകണ്ഠന് എം എല്‍ എ വീട്ടിലെത്തി ചന്ദനയെ അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, സത്യന് പൂച്ചക്കാട്, എം രത്നാകരന് നമ്പ്യാര്‍, കെ എസ് മുഹാജിര്‍, കെ എം അമ്പാടി, എം രാധാകൃഷ്ണന് നമ്പ്യാര്‍, ശശിധരന് ഏച്ചിക്കാട്, അനുരാജ് മൂലയടുക്കം, രാമചന്ദ്രന് നായര്‍, കുഞ്ഞികൃഷ്ണന് മൂലയടുക്കം എന്നിവര്‍ എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.
