നീലേശ്വരം:ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരത്ത് സര്‍വീസ് റോഡിലെ വെള്ളക്കെട്ടും ഗതാഗത കുരുക്കും ഒഴിവാക്കാനായി ഓവുചാല്‍ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് കാഞ്ഞങ്ങാട് ആര് ഡിഒ കെ ആര് മനോജ് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് നീലേശ്വരം നഗരസഭ ജനകീയ കര്‍മ്മസമിതി ചെയര്മാന് പി പി മുഹമ്മദ് റാഫി ജില്ലാ കലക്ടര്‍ക്ക് പരാതിനല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ആര് ഡിഒ നിര്‍മ്മാണ സ്ഥലത്തെത്തി കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ നീലേശ്വരം നഗരസഭ എല്ലാ സഹായങ്ങളും നല്‍കണമെന്നും ആര് ഡി ഒ അഭ്യര്‍ഥിച്ചു. രണ്ടാഴ്ച മുമ്പ് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മണല്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ചാല്‍ ജൂണ്‍ 22ാം തീയതിക്കകം ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അധി കൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം ചെയ്യുന്ന നഗരസഭാ കര്‍മസമിതിയും ജനകീയ സമരസമിതിയും 28 വരെ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകാനുള്ള അനുമതി നല്‍കിയത്.
എന്നാല്‍ റോഡ് തുറന്നു കൊടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ഓവുചാല്‍ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനകം പൊലിസ് സ്റ്റേഷനു മുന്പിലെ അടിപ്പാത തൊട്ട് മീറ്ററുകള്‍ മാത്രമാണ് റെഡിമെയ്ഡ് ബ്ലോക്കുകള്‍ ഉപ യോഗിച്ചുള്ള ഡ്രയ്നേജ് നിര്‍മാണം നടന്നത്. ഇങ്ങനെ പോയാല്‍ 22ാം തീയതിക്കകം സര്‍വീസ് റോഡിന്റെയും ഡ്രയ്നേജിന്റെയും നിര്‍മാണം പകുതി പോലും എത്തില്ല എന്നാണ് അവസ്ഥ. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് കലക്ടര്‍ അടിയന്തിര നടപടിക്ക് ആര്.ഡി.ഒ.വിനോട് നിര്‍ദ്ദേശം നല്‍കിയത്. സ്ഥലം സന്ദര്‍ശിച്ച ആര് ഡി ഒക്ക് സംഭവത്തിന്റെ ഗൗരവം മനസ്സിലാവുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഇറക്കി പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ആര് ഡി ഓ നിര്‍ദേശം നല്‍കിയത്. ആര്ഡിഒക്കൊപ്പം ഡെ. തഹസില്‍ദാര്‍ പി വി തുളസിരാജ് നീലേശ്വരം നഗരസഭാ ചെയര്മാന് പി പി മുഹമ്മദ് റാഫി വൈസ് ചെയര്മാന് പി എം സന്ധ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ സതീശന് , നീലേശ്വരം എസ് ഐ കെ.അജിത കൗണ്‍സിലര്‍മാരായ വിനോദ് പൈനി, സുഭാഷ്, പിവി സുനിത കര്മ്മസമിതിഭാരവാഹികളായ പി വിജയകുമാര്‍ സേതു ബങ്കളം, സുരേഷ് മടിക്കൈ എന്നിവരും ഉണ്ടായിരുന്നു.
