നീലേശ്വരം: ദേശീയപാത 66ന്റെ അശാസ്ത്രീയവും ജനവിരുദ്ധവുമായ നിര്‍മ്മാണത്തിനെതിരെ നീലേശ്വരത്ത് നടന്നുവരുന്ന അനിശ്ചിതകാല ജനകീയ സമരം നാളെ എഴുപതാം ദിനത്തിലേക്ക്. പത്ത് ആഴ്ച പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അവഗണനയിലും സര്‍വീസ് റോഡ്, ഡ്രൈനേജ് നിര്‍മ്മാണത്തിലെ മെല്ലെപോക്കിലും പ്രതിഷേധിച്ച്, സമര വേദിയില്‍ എഴുപതാം ദിനത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധിക്കാന്‍ ജനകീയ സമര സമിതി തീരുമാനിച്ചു.
നെടുങ്കണ്ട മുതല്‍ കരുവാച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത (എലിവേറ്റഡ് ഹൈവേ) നിര്‍മ്മിക്കണമെന്നും, മഴ കനക്കുന്നതിന് മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇരുവശത്തെ സര്‍വീസ് റോഡ്, ഡ്രൈനേജ് പണി പൂര്ത്തിയാക്കണമെന്നതുമാണ് സമിതിയുടെ ആവശ്യം. ഇതേ ആവശ്യം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണ കമ്പനി അംഗീകരിച്ചെങ്കിലും 8 ദിവസം പിന്നിട്ടിട്ടും, അധ്യയന വര്‍ഷം ഏതാനും ദിവസങ്ങളില്‍ ആരംഭിക്കാനിരിക്കെ നിര്‍മ്മാണത്തില്‍ തുടരുന്ന കൊടിയ മെല്ലെപോക്കില്‍ പ്രതിഷേധിച്ചാണ് അടുപ്പുകൂട്ടി സമരം പ്രഖ്യാപിച്ചത്.
68 ദിവസമായി നീലേശ്വരത്തെ ജനങ്ങള്‍ കടുത്ത വെയിലിലും, പൊടിയിലും, മഴയിലും ആകാശപാത എന്ന ആവശ്യം ഉയര്‍ത്തി സമരവുമായി മുന്നോട്ടു പോകുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പുലര്‍ത്തുന്ന കടുത്ത നിസംഗത ജനാധിപത്യവിരുദ്ധവും ജനവഞ്ചനയും ആണ്. സാംസ്കാരിക നഗരിയായ നീലേശ്വരത്തെ രണ്ടായി മുറിച്ച് മണ്‍തിട്ട ഉയര്‍ത്തുമ്പോള്‍, അതിനെതിരെ ഒരക്ഷരം ഉരിയാടാതെ നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. നഗരസഭാ ഓഫീസ്, റെയില്‍വേ സ്റ്റേഷന്, താലൂക്ക് ആശുപത്രി, ബസ് സ്റ്റാന്‍ഡ്, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഒരുവശത്തും, മത്സ്യബന്ധന തുറമുഖങ്ങളും കോട്ടപ്പുറം ബോട്ട് ജെട്ടിയും വിനോദസഞ്ചാര കേന്ദ്രങ്ങളും മറുവശത്തുമാക്കി നഗരത്തിലേക്കുള്ള പ്രധാന പാതയായ രാജാ റോഡിനെ ഊടുവഴിയാക്കികൊണ്ടുള്ള നിര്‍മ്മാണത്തിന് ഇവര്‍ ജനങ്ങളോട് ഉത്തരം പറയണം.
മണ്‍സൂണ്‍ പടിവാതില്ക്കലെത്തിയിട്ടും, ചതുപ്പ് മണ്ണില്‍ മണ്‍കോട്ട ഉയര്‍ത്തുന്നതിന്റെ അപകടം മനഃപൂര്‍വ്വം മറച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. 2026 ജനുവരിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇറക്കിയ സാങ്കേതിക നിര്‍ദ്ദേശത്തില്‍ പോലും, മണ്ണിന്റെ സ്ഥിരത സംശയാസ്പദമായ പ്രദേശങ്ങളില്‍ എംബാങ്ക്മെന്റിന് പകരം തൂണുകളിലുള്ള നിര്‍മ്മാണം സ്വീകരിക്കാം എന്ന് വ്യക്തമാക്കിയിട്ടും, എന്‍ എച്ച് എ ഐയുടെ അവഗണന തുടരുകയാണ്. മാര്‍ക്കറ്റ് ജംഗ്ഷനിലെ എ യു പി സ്കൂളിലെ കുരുന്നുകള്‍ക്കും, വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കും ദിനേന ജീവന് ഭീഷണിയായ ഈ അപായപാത താണ്ടേണ്ടി വരും.
‘അടുപ്പുകൂട്ടി കഞ്ഞിവെച്ച സമരം’ ഒരു ദിവസത്തെ പ്രതിഷേധമല്ല, മറിച്ച് ആകാശപാത നേടും വരെ ഈ ജനകീയ സമരം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അതിശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതിജ്ഞയായാണ്. നാളെ രാവിലെ 10.30 ന് സമരപ്പന്തലില്‍ സംഘടിപ്പിക്കുന്നത്. നാടിനെ സ്നേഹിക്കുന്ന നീലേശ്വരത്തെ ജനങ്ങള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, വനിതാ കൂട്ടായ്മകള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാവരും എഴുപതാം ദിനത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കുചേരണമെന്ന് ജനകീയ സമരം സമിതി അഭ്യര്‍ത്ഥിച്ചു.
