ഇരുട്ടില്‍ കഴിഞ്ഞ വയോധികക്ക് സോളാര്‍ വെളിച്ചം എത്തിച്ച് നല്‍കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കെ രാഹുല്‍

ബന്തടുക്ക: വൈദ്യുതി എത്താത്ത വീട്ടില്‍ വര്‍ഷങ്ങളായി ഇരുട്ടില്‍ കഴിഞ്ഞ വീട്ടമ്മയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് ഒരു വനപാലകന്‍. ബന്തടുക്ക മാണിമൂല ശ്രീമലയിലെ വേദാവതി എന്ന വീട്ടമ്മക്കാണ് ബന്തടുക്ക സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കെ രാഹുലിന്റെ നേതൃത്വത്തില്‍ സോളാര്‍ വിളക്ക് സ്ഥാപിച്ച് വൈദ്യുതി നല്‍കിയത്. പനത്തടി സെക്ഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സേവനം അനുഷ്ഠിച്ച തിരുവനന്തപുരം ആനാവൂര്‍ സ്വദേശിയായ ആര്‍.കെ രാഹുല്‍ റാണിപുരം, ഓട്ടമല വന സംരക്ഷണ സമിതി സെക്രട്ടറിയുടെ ചുമതല വഹിച്ചു കൊണ്ട് നിരവധി ജന ക്ഷേമ പ്രവര്‍ത്തനവും ടൂറിസം വികസന പ്രവര്‍ത്തനങ്ങളും നടത്തിയതിനോടൊപ്പം സെക്ഷനിലെ വിവിധ മേഖലയില്‍ നായാട്ട് തടയുന്നതിലും മികവ് തെളിയിച്ചിരുന്നു. നായാട്ടുകാര്‍ക്കെതിരെ രാഹുല്‍ സ്വീകരിച്ച ശക്തമായ നടപടികളാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹനാക്കിയത്. ബന്തടുക്ക സെക്ഷനില്‍ എത്തിയപ്പോഴാണ് മാണിമൂല ശ്രീമലയില്‍ വേദാവതി എന്ന വീട്ടമ്മയെ കുറിച്ച് അറിയുന്നത്. വന്യ ജീവികളാല്‍ ചുറ്റപ്പെട്ടു ഒറ്റയ്ക്കു താമസിക്കുകയായിരുന്നു വേദാവതി . ആനയുടെ സാന്നിധ്യം ഉള്ള രാത്രികളില്‍ പലപ്പോഴും രാഹുലും കൂടെയുള്ള ബീറ്റ് ഓഫീസറായ വിനീതും വേദാവതിക്ക് പുലരുവോളം കൂട്ടിരുന്നിരുന്നു. താമസിക്കുവാന്‍ നല്ലൊരു വീടോ, ശുചിമുറിയോ, വൈദ്യതിയോ, ക്ഷേമ പെന്‍ഷനോ ഇല്ലാതെ കഴിയുന്ന വേദാവതിയെ സഹായിക്കാന്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ സമീപിച്ചെങ്കിലും അവര്‍ക്ക് ആരുടേയും ഭാഗത്ത് നിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. സ്വന്തമായി ഒരു സെന്റ് ഭൂമി ഇല്ലെങ്കിലും കുടുംബത്തിന്റെ പേരിലുള്ള സ്ഥലം വേദാവതിക്ക് വില്ലനായി. രാഹുല്‍ ബന്തടുക്ക സെക്ഷനില്‍ നിന്നും സ്ഥലം മാറി പോയെങ്കിലും വേദാവതിയുടെ ദുരിത ജീവിതം മനസ്സിലുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തും പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് അംഗവുമായ ശ്രീജിത്ത് ഹാര്‍വെസ്റ്റിനോട് ഇവരുടെ കാര്യം സൂചിപ്പിച്ചപ്പോഴാണ് ഇവരെ സഹായിക്കുവാന്‍ സോളാര്‍ പാനല്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്. മുന്‍ കാലങ്ങളില്‍ രാഹുലിനോടൊപ്പം പല പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും റാണിപുരം, ഓട്ടമല മേഖലയില്‍ നടത്തിയ ആളാണ് ശ്രീജിത്ത് ഹാര്‍വെസ്റ്റും പഗ്മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സും. ഒരു പ്രത്യേക ദൗത്യമായി രാഹുലിന്റെ ആവശ്യം അവര്‍ സ്വീകരിച്ചു. തുടര്‍ന്ന് അതിനു വേണ്ട മുഴുവന്‍ സാമഗ്രികളും സംഘടിപ്പിച്ച് അവര്‍ വേദാവതിക്ക് ഇരുളില്‍ നിന്ന് മോചനം നല്‍കുകയായിരുന്നു. മല മുകളിലേക്ക് ഉപകരണങ്ങള്‍ എല്ലാം ചുമന്നാണ് വൈദ്യതി ലഭ്യമാക്കിയത്. പഗ്മാര്‍ക്ക് അംഗങ്ങളായ സജി വയനാട്, അഹമ്മദ് ബഷീര്‍ മേപ്പാടി, രാഹുല്‍ കണ്ണൂര്‍, കിരണ്‍ പള്ളിക്കുന്ന്,
പ്രദീപ് അലവില്‍, അനുരാഗ് പനങ്കാവ് ദിലീപ് ആറ്റടപ്പ, വിഷ്ണു ആറ്റടപ്പ, ബിനീഷ് ചപ്പാരപ്പടവ്, കാസര്‍കോട് ജില്ല കോഡിനേറ്റര്‍ അനൂപ് ചീമേനി, ശ്രീജിത്ത് ഹാര്‍വെസ്റ്റ് എന്നിവരും പനത്തടി, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി. സേസപ്പ, എം പി രാജു, പനത്തടി പഞ്ചായത്ത് ഭരണസമിതിയംഗവും ഓട്ടമല വന സംരക്ഷണ സമിതി പ്രസിഡന്റുമായ എം ബാലകൃഷ്ണന്‍, റാണിപുരം വനം സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, ബി.ജെ.പി കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.മണികണ്ഠന്‍ എന്നിവര്‍ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന് പങ്കാളികളായി. ചടങ്ങില്‍ വച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍കെ രാഹുലിന് അനുമോദനവും നല്‍കി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ വേദാവതിക്ക് ആവശ്യമായ കസേരകളും നല്‍കി.

 

 

 

 

error: Content is protected !!