സീതാരാമ സങ്കല്പത്തില്‍ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ മണാളന്‍ മണാട്ടി തെയ്യങ്ങള്‍

പ്രഭാകരന്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: രാമായണത്തിലെ വരികള്‍ തോറ്റമായി ചൊല്ലി മടിയന്‍ കൂലോത്ത് തെയ്യങ്ങളുടെ നൃത്തവിലാസം. ശ്രീരാമന്റെയും സീതയുടെയും സങ്കല്പത്തിലാണ് ഈ ദേവതകള്‍. മടിയന്‍ കൂലോത്തെ അകത്തെ കലശനാളായ വെള്ളിയാഴ്ച്ച രാത്രിയിലാണ് മണാളന്‍ മണാട്ടി തെയ്യങ്ങള്‍ അരങ്ങിലെത്തിയത്. കവുങ്ങിന്‍ പാളകൊണ്ടുള്ള കിരീടമുടിയണിഞ്ഞ് ഓലക്കുടചൂടി കൈയില്‍ ആയുധവുമായാണ് മണവാളന്‍ തെയ്യം. കഥകളിയുടെത് പോലുള്ള മുടിയും കൈയ്യില്‍ കുരുത്തോല പൂക്കളും മുഖത്ത് പ്രത്യേകരീതിയിലുള്ള മുഖത്തെഴുത്തുമാണ്. മണാട്ടി തെയ്യത്തിന്. രാമായണ കഥാഭാഗങ്ങള്‍ തോറ്റമായി ചൊല്ലുന്നു എന്ന പ്രത്യേകതയും ഈ തെയ്യാട്ടത്തിനുണ്ട്. കുളിക്കാന്‍ പോയ
സഹോദരി സഹോദരന്മാര്‍ കിടങ്ങില്‍ ചാടി ആത്മാഹുതി ചെയ്‌തെന്നും ഇവരുടെ ജഢങ്ങള്‍ കൂലോത്തെ വടക്കേ കുളത്തില്‍ പൊങ്ങിവന്നു എന്നുമാണ് വാമൊഴി ഐതിഹ്യം. ഈ തെയ്യങ്ങള്‍ക്ക് പ്രത്യേക പള്ളിയറകള്‍ ഇല്ലെങ്കിലും കലശനാളുകളില്‍ അകത്തെ കലശരാത്രിയില്‍ ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നു. കഥകളിയരങ്ങില്‍ ചെയ്യുന്നതുപോലെ തിരശ്ശീല പിടിക്കുക എന്നതും ഈ തെയ്യങ്ങളുടെ അപൂര്‍വ്വതയാണ്. മടിയന്‍ കൂലോം കലശം മലബാറിന്റെ ജനകീയ ആത്മീയതയുടെ അടയാളമാണ്. ഇത് വെറും കലാരൂപമല്ല; ഗ്രാമീണ സമൂഹത്തിന്റെ വിശ്വാസങ്ങളും പാരമ്പര്യ സ്മരണകളും തലമുറകളിലൂടെ പകര്‍ന്നുനല്‍കുന്ന ജീവിച്ചിരിക്കുന്ന സാംസ്‌കാരിക പൈതൃകമാണ്.
മലബാറിലെ തെയ്യങ്ങള്‍ വെറും കലാരൂപമല്ല; അവ ജനവിശ്വാസം, പാരമ്പര്യം, സമൂഹചരിത്രം എന്നിവയുടെ ജീവിച്ചിരിക്കുന്ന അനുഷ്ഠാന സംസ്‌ക്കാരം കൂടിയാണ്.ഉത്തരമലബാറില്‍ കാവുകളിലും കഴകങ്ങളിലും തെയ്യങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നതിന്റെ മുന്നോടിയായാണ് നമ്മുടെ കൂലോംങ്ങളില്‍ കലശോത്സവ കാലത്തിന് തുടക്കമാവുന്നത്. ഇടവത്തിലെ കലശത്തോടെ തെയ്യങ്ങള്‍ അരങ്ങൊഴിയും. കൂലോങ്ങളിലാണ് കലശങ്ങള്‍ക്ക് തുടക്കമിടുന്നത്. നാടുവാഴിയുടെ ആസ്ഥാനമെന്ന കോവിലകത്തില്‍ നിന്നാണ് കൂലോം എന്ന് വിളിക്കാന്‍ തുടങ്ങിയത്. കാഞ്ഞങ്ങാട് അജാനൂര്‍ മടിയന്‍ കൂലോം, നീലേശ്വരം മന്ദംപുറത്ത് കാവ്, മടിക്കൈ കണികൂലോം, ഉദിന്നൂര്‍ കൂലോം എന്നിവിടങ്ങളിലാണ് വടക്കേ മലബാറില്‍ കലശോത്സവങ്ങള്‍ നടക്കുന്നത്. ഉദിന്നൂര്‍ നീലേശ്വരം,മടിക്കൈ പ്രദേശങ്ങള്‍ രാജവാഴചയുടെ അധീനത്തിലായിരുന്നു. ഉത്തരകേരളത്തിലെ കലശോത്സവങ്ങളില്‍ ഏറെ പ്രസിദ്ധമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഡിയന്‍ കൂലോത്തെയും നീലേശ്വരം മന്ദംപുറത്ത് കാവിലെയും കലശോത്സവങ്ങള്‍. പക്ഷേ ഈ രണ്ട് കലശങ്ങള്‍ക്കും നാടുവാഴികളുമായി ബന്ധമൊന്നും കാണാനില്ല .ഈ പ്രദേശങ്ങളിലെ കലശങ്ങള്‍ സമാപിക്കുന്നതോടെ ഉത്തരദേശത്തെ തെയ്യക്കാലത്തിനും പരിസമാപ്തി കുറിക്കും. മടിയന്‍ കൂലോം കലശത്തോടെയാണ് ഇടവമാസത്തിലെ കലശ മഹോത്സവങ്ങള്‍ തുടങ്ങുക. ബ്രാഹ്മണനും അബ്രാഹ്മണനും ചേര്‍ന്നുള്ള മിശ്രപൂജാരീതിയാണ് മടിയന്‍ കൂലോത്ത് അനുഷ്ഠിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ഒരപൂര്‍വ്വതയാണ്. രാവിലെ ക്ഷേത്രം തുറക്കുന്നതും വൈകുന്നേരത്തെ പൂജനടത്തുന്നതും ഇപ്പോഴും മണിയാണിമാരാണ്(യാദവ).തായത്ത് വീട്ടുകാര്‍ക്കും അത്തിക്കല്‍ വീട്ടുകാര്‍ക്കുമാണ് ഈ അവകാശം.കാളരാത്രിയെ പ്രസാദിപ്പിക്കാനുള്ള ഈ കുടുംബങ്ങളുടെ അവകാശമായി ഇതിനെ കാണാം. ഉച്ചപൂജമാത്രമേ ബ്രാഹമണര്‍ക്കുള്ളൂ.കൂലോത്തെ ഏറെ പ്രസിദ്ധമായ കലശോത്സവം കാണാന്‍ എല്ലാവര്‍ഷവും ജാതിമതഭേദമന്യേ ആയിരങ്ങള്‍ എത്തുന്നു. മുസ്ലീം സമുദായത്തിന്റെ സാന്നിധ്യം ഏറെശ്രദ്ധേയമായ ഒരു സവിശേഷത കൂടിയാണ്. ആര്യ ദ്രാവിഢ സങ്കല്പത്തിലാണ് മടിയന്‍കൂലോത്തെ ഉത്സവങ്ങളും പൂജാവിധികളും നടത്തുന്നത്.

 

error: Content is protected !!