തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍

തിരുവനന്തപുരം: കോട്ടയം എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകള്‍ക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങള്‍ മൊയ്തീനെയും മൂന്നുപേര്‍ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു.

139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാല്‍ ജി. സുധാകരന്‍ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂരിനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു. സിപിഎമ്മിന്റെ എ.സി. മൊയ്തീനും ബിജെപിയുടെ ബി.ബി. ഗോപകുമാറുമായിരുന്നു എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കുംവേണ്ടി മത്സരിച്ചത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും പ്രത്യേകതയായിരുന്നു. സഭയിലെ മുതിര്‍ന്ന അംഗവും അമ്പലപ്പുഴ എംഎല്‍എയുമായ ജി. സുധാകരനായിരുന്നു സഭയുടെ പ്രോടേം സ്പീക്കര്‍. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നാല് പത്രികകളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നാമനിര്‍ദേശം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ടത്. അവ: വി.ഡി. സതീശന്‍ നാമനിര്‍ദേശം ചെയ്യുകയും സണ്ണി ജോസഫ്
പിന്താങ്ങിക്കൊണ്ടുള്ളത്, പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍ദേശിക്കുകയും പി.കെ. ബഷീര്‍ പിന്താങ്ങിയും, മോന്‍സ് ജോസഫ് നിര്‍ദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും, ഷിബു ബേബി ജോണ്‍ നാമനിര്‍ദേശം ചെയ്യുകയും സി.പി. ജോണ്‍ പിന്താങ്ങുകയും ചെയ്തത്. എ.സി. മൊയ്തീനെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ആദ്യ പത്രികയില്‍ പിണറായി വിജയന്‍ നാമനിര്‍ദേശം ചെയ്യുകയും കെ. രാജന്‍ പിന്താങ്ങുകയും ചെയ്തിരുന്നു. രണ്ടാമത്തെ പത്രികയില്‍ കെ.എന്‍. ബാലഗോപാല്‍ നാമനിര്‍ദേശം ചെയ്യുകയും പി.കെ. പ്രവീണ്‍ പിന്താങ്ങുകയും ചെയ്തിരുന്നു.

ബി.ബി. ഗോപകുമാറിനെ നാമനിര്‍ദേശം ചെയ്തുള്ള
പത്രികയില്‍ രാജീവ് ചന്ദ്രശേഖര്‍ പേര് നിര്‍ദേശിക്കുകയും വി. മുരളീധരന്‍ പിന്താങ്ങുകയും ചെയ്തു.

ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല. 29ാം തീയതിയാണ് ഗവര്‍ണറുടെ
നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

error: Content is protected !!