ആചാരങ്ങളുടെ പുരാതന നാദം മുഴങ്ങിയ ഒരു പുണ്യപ്രഭാതം;ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം അടോട്ട് മൂത്തേടത്ത് കുതിരില്‍ ഓലകൊത്തല്‍ ചടങ്ങ് നടന്നു

ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവത്തിന് മുന്നോടിയായി ഓല കൊത്തല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. പരമ്പരാഗത ആചാരവിധികളോടെ അടോട്ട് മൂത്തേടത്ത് കുതിരില്‍ മുഹൂര്‍ത്തത്തില്‍ ഓല കൊത്തിയപ്പോള്‍ നാളുകളായി തുടര്‍ന്നു വരുന്ന ആചാരസമ്പ്രദായങ്ങളുടെ ദീപ്തി വീണ്ടും ഉണര്‍ന്നു.
ഓല കൊത്തിയതിന് ശേഷം ജന്മ കണിശന്‍ വിനോദ് കപ്പണക്കാല്‍, ചടങ്ങിന്റെ ലക്ഷണങ്ങളും ആചാരക്രമങ്ങളും ഭക്തജനങ്ങള്‍ക്ക് വിശദമായി വിവരിച്ചു. ആ പുണ്യനിമിഷങ്ങളില്‍ ആചാരപരമ്പരയുടെ ഗൗരവം നിറഞ്ഞുനിന്നു.
ചടങ്ങില്‍ മൂലച്ചേരി നായരച്ചന്‍ കുടുംബാംഗമായ എന്‍.വി. മനോഹരന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം. ജയദേവന്‍, കുമ്മണാര്‍ കളരി മൂത്ത കുരിക്കള്‍, പടിഞ്ഞാറ്റെന്‍, മടിയന്‍ പുല്ലൂരന്‍, മടിയന്‍ തണ്ടാന്‍, വയല്‍ തണ്ടാന്‍, അടോട്ട് ശ്രീ പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആചാര സ്ഥാനികര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. പുരാതന ചിട്ടകളുടെയും വിശ്വാസങ്ങളുടെയും പാരമ്പര്യസാന്നിധ്യത്തില്‍ നടന്ന ഈ ഓല കൊത്തല്‍ ചടങ്ങ്, വരാനിരിക്കുന്ന കലശോത്സവത്തിന് ആത്മീയമായൊരു തുടക്കമായി മാറി.

 

error: Content is protected !!