കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ആരാധനാലയങ്ങളില്‍ ചരിത്ര പ്രസിദ്ധമായതും ആചാര അനുഷ്ഠാനങ്ങളാ ല്‍ വ്യത്യസ്തത പുലര്‍ത്തുന്നതുമായ ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം കലശോത്സവം മെയ് 22, 23 ദിവസങ്ങളില്‍ നടക്കും. പൗരാണിക ആചാരങ്ങളും വിശ്വാസവും ഒത്തുചേരുന്ന ഈ മഹോത്സവത്തിന്റെ അകത്തെ കലശ ചടങ്ങുകള്‍ മെയ് 22 നും പുറത്തെ കലശ ചടങ്ങുകള്‍ മെയ് 23 നും നടക്കും. കലശോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഓല കൊത്തല് ചടങ്ങ് മെയ് 19ന് രാവിലെ 7.50 മുതല്‍ 8.40 വരെ അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര എളേടത്ത് കുതിര് എന്നിവിടങ്ങളില്‍ ആചാരവിധിപ്രകാരം നടക്കും. ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന പ്രശ്നചിന്തയുടെ അടിസ്ഥാനത്തില്‍ ജന്മകണിശന് വിനോദ് കപ്പണക്കാല്‍ ഓലകൊത്തലിന്റെയും കലശോത്സവത്തിന്റെയും നാളുകള്‍ നിര്‍ണ്ണയിച്ചു. ചടങ്ങില്‍. മൂലച്ചേരി നായരച്ഛന്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വി. എം. ജയദേവന്, ട്രസ്റ്റി ബോര്‍ഡ് അംഗം എന്‍. വി. ബേബിരാജ്, കുമ്മണാര്കളരി മൂത്തകുരിക്കള്, മടിയന്കര്ണ്ണമൂര്ത്തി, മടിയന്ചിങ്കം, മടിയന്പുല്ലൂരാന്, പാറക്കാടന്‍, പടിഞ്ഞാറ്റെന്, ആലന്തട്ട ആശാരി, കലശം എഴുന്നള്ളിക്കുന്ന കളരികളിലുള്ളവര്, ആചാരസ്ഥാനികര്‍, ക്ഷേത്ര ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.പൗരാണിക ആചാരങ്ങളും വിശ്വാസവും ഒത്തുചേരുന്ന ഈ മഹോത്സവത്തില്‍ മെയ് 22ന് അകത്തെ കലശ നാളില്‍ രാത്രി പെരളം വയലില്‍ കലശം, അടോട്ട് മൂത്തേടത്ത് കുതിര് കലശം, കിഴക്കും കര എളേടത്ത് കുതിര് കലശം എന്നീ മൂന്ന് കലശങ്ങളും മണാളന്‍,മണാട്ടി, മാഞ്ഞാളഅമ്മ എന്നീ മൂന്ന് തെയ്യങ്ങളും അരങ്ങിലെത്തും..മെയ് 23പുറത്തെ കലശ നാളില്‍ വൈകിട്ട് പെരളം വയലില്‍, അടോട്ട് മൂത്തേടത്ത് കുതിര് എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര എളേടത്ത് കുതിര് മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര കളരിയിലെ രണ്ട് കലശങ്ങളും അടക്കം 6 കലശങ്ങള്‍ ഭക്തജന ആരവത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നതോടൊപ്പം ക്ഷേത്രപാലകന്, കാളരാത്രി, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങളും അരങ്ങിലെത്തും. ഒപ്പം മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മീന്‍ കോവ സമര്‍പ്പണവും നടക്കും.
