ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക്; രണ്ടാംഘട്ട ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

ജില്ലയിലെ മുഴുവന്‍ കുടുംബശ്രീ സി.ഡി.എസുകളെയും ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനായുള്ള ജില്ലാതല ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹാളില്‍ നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി ഐ.എസ്.ഒ മാനേജര്‍ റാഷിദ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷം ഒന്നാം ഘട്ട ഓറിയന്റേഷനില്‍ 26 സി.ഡി.എസുകള്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയിരുന്നു. ബാക്കിയുള്ള 16 സി.ഡി.എസുകള്‍ കൂടി ഈ ഘട്ടത്തില്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതോടെ ജില്ലയിലെ കുടുംബശ്രീ സംവിധാനങ്ങള്‍ 100% ഐ.എസ്.ഒ പദവിയിലെത്തും. പുത്തിഗെ, ചെങ്കള, മധൂര്‍, ബദിയടുക്ക, പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, ബളാല്‍, ബേഡഡുക്ക, കാറഡുക്ക, മുളിയാര്‍, കുമ്പഡാജെ, പള്ളിക്കരപെരിയ, കാഞ്ഞങ്ങാട് 1, കാഞ്ഞങ്ങാട് 2, കാസര്‍കോട് എന്നീ സി.ഡി.എസുകളാണ് ഈ ഘട്ടത്തില്‍ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ സഹായിക്കും. ഓരോ സി.ഡി.എസില്‍ നിന്നും ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ്, സാങ്കേതിക കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള പ്രതിനിധി എന്നിവര്‍ ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എം.രേഷ്മ സ്വാഗതവും ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രമ്യ മോള്‍ നന്ദിയും പറഞ്ഞു.

 

പച്ചത്തുരുത്തുകളുടെ കരുതലില്‍ മടിക്കൈ

ചെങ്കല്‍പാറകള്‍ നിറഞ്ഞ മടിക്കൈ പ്രദേശം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഹരിതസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുകയാണ് പഞ്ചായത്തിലെ പച്ചത്തുരുത്തുകള്‍. കടുത്ത വേനലിലെ ഉയര്‍ന്ന താപനില ലഘൂകരിക്കാന്‍ ”ആഗോളതാപനത്തിന് മരമാണ് മറുപടി”എന്ന ഹരിതകേരള സന്ദേശം ഏറ്റെടുത്ത് 2018 മുതല്‍ മടിക്കൈയില്‍ പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടപ്പിലാക്കി.

വിദ്യാലയങ്ങളില്‍ ലഭ്യമായ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചും നിലവിലുള്ള മരങ്ങള്‍ സംരക്ഷിച്ചും ആദ്യ പച്ചത്തുരുത്തുകള്‍ക്ക് രൂപം നല്‍കി. പഞ്ചായത്തിലെ നാശോന്മുഖമായിരുന്ന 100ലധികം കാവുകള്‍ വേലികെട്ടി സംരക്ഷിക്കുകയും പുതിയ തൈകള്‍ നട്ട് തൊഴിലുറപ്പ് പദ്ധതിയിലൂടെ പരിപാലനം ഉറപ്പാക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതിയില്‍ പച്ചത്തുരുത്ത് സംരക്ഷണം മുഖ്യ അജണ്ടയായി പരിഗണിച്ച് ഓരോ വാര്‍ഡിലുമായി കാവ് സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തു. ഹരിതകേരളം മിഷന്റെ നിര്‍ദേശപ്രകാരം പച്ചത്തുരുത്തുകളില്‍ ബോര്‍ഡുകളും സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക ഇടപെടലിലൂടെ കളസസ്യങ്ങള്‍ നീക്കം ചെയ്ത് പുതിയ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ച് കാവുകളെ ജൈവകലവറകളാക്കി നിലനിര്‍ത്തിവരുന്നു. മരുത്, ഇരുള്‍, ബങ്കണ, തടിച്ചില്‍ തുടങ്ങിയ കാട്ടുമരങ്ങളും കാശാവ്, നിലനാരകം തുടങ്ങിയ ചെറുസസ്യങ്ങളും വിവിധ ഔഷധസസ്യങ്ങളും പച്ചത്തുരുത്തുകളില്‍ സംരക്ഷിക്കപ്പെടുന്നു.

പക്ഷികള്‍ക്കും അണ്ണാന്‍, മുയല്‍ തുടങ്ങിയ ചെറുജീവികള്‍ക്കും ആവാസകേന്ദ്രങ്ങളായി പച്ചത്തുരുത്തുകള്‍ മാറിയതോടെ പ്രദേശത്തെ ജൈവവൈവിധ്യവും സമ്പുഷ്ടമായി. സമീപ പ്രദേശങ്ങളിലെ വയലുകളിലും ജലസ്രോതസുകളിലും നീരുറവകളുടെ വര്‍ധനവുണ്ടായതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പച്ചേരി ഉള്‍പ്പെടെയുള്ള പച്ചത്തുരുത്തുകളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ജൈവവൈവിധ്യ പഠനത്തിനായി എത്തുന്നുണ്ട്. വാര്‍ഡ് സഭകളിലും സംരക്ഷണ സമിതികളിലും നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ 159 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാനായി. ഹരിതകേരളം മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാനജില്ലാതല അംഗീകാരങ്ങള്‍ ലഭിച്ചതോടെ പച്ചത്തുരുത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. കാര്‍ഷിക സംസ്‌കാരത്തിന്റെ പരിപോഷണത്തിനും പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകള്‍ക്കുമായി പദ്ധതികള്‍ ആലോചിച്ചുവരികയാണ്.

 

കാസര്‍കോടിന് ഇനി കുടിവെള്ള സമൃദ്ധിയുടെ നാളുകള്‍

വേനല്‍ കടുക്കുമ്പോഴുള്ള രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടാന്‍ ജില്ല സജ്ജം. ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ജലബജറ്റിലെ കണക്കുകള്‍ പ്രകാരം കുറച്ച് വര്‍ഷങ്ങളായി ജൂണ്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലമിച്ചം ഉണ്ട്. ജലസംരക്ഷണ സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തെ ജലസംരക്ഷണ പ്ലാന്‍ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തും 38 ഗ്രാമപഞ്ചായത്തുകളും ജലബജറ്റ് ഏകോപിപ്പിച്ച് സമഗ്രമായ ജില്ലാ ജലബജറ്റിനും രൂപം നല്‍കി. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ സംഘടിപ്പിച്ചു വരികയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി, വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള സമഗ്രമായ കര്‍മ്മപദ്ധതികള്‍ക്കാണ് ജില്ല രൂപം നല്‍കുന്നത്.

വന്‍കിട ജലപദ്ധതികളുടെ അഭാവമുള്ള ജില്ലയില്‍, ഭൂജല വിനിയോഗത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകള്‍ യഥാക്രമം ക്രിട്ടിക്കല്‍, സെമി ക്രിട്ടിക്കല്‍ വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. തുലാവര്‍ഷത്തിലും വേനല്‍ മഴയിലുമുള്ള കുറവ്, ഇടനാടന്‍ കുന്നിടിക്കല്‍, രൂക്ഷമായ മണ്ണൊലിപ്പ് എന്നിവ മണ്ണിന്റെ ജലാഗിരണശേഷി കുറയ്ക്കുന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനു പുറമെ കുഴല്‍ കിണറുകളുടെ അമിതോപയോഗം ഭൂജലശോഷണം വര്‍ധിപ്പിക്കുകയും ഉപ്പുവെള്ളം കയറുന്നത് മൂലം വേനല്‍ക്കാലത്ത് പല സ്രോതസ്സുകളിലും ശുദ്ധജലം ലഭിക്കാതാവുകയും ചെയ്യുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പല പഞ്ചായത്തുകളിലും ടാങ്കര്‍ ലോറികളിലാണ് ഇപ്പോള്‍ കുടിവെള്ളം എത്തിക്കുന്നത്.

കുടിവെള്ളം ഉറപ്പാക്കാന്‍ വിപുലമായ പദ്ധതികള്‍

ഈ വെല്ലുവിളികള്‍ നേരിടാന്‍ വിപുലമായ പദ്ധതികളാണ് ജില്ലയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. നദികളിലെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍ സ്ഥാപിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. പാലായി റെഗുലേറ്റര്‍ ബ്രിഡ്ജ് വന്നതോടുകൂടി കാര്യങ്കോട് പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് ഇല്ലാതായി. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് കാസര്‍കോട് ഭാഗങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇതിന് പുറമെ ചിത്താരി ഉപ്പുവെള്ള പ്രതിരോധ ബണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വരള്‍ച്ചാ തീവ്രത കുറയ്ക്കാന്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കും. സാധാരണ കിണറുകള്‍ക്കും കുഴല്‍ക്കിണറുകള്‍ക്കും ശാസ്ത്രീയമായ റീചാര്‍ജ്ജിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനും അതുവഴി ടാങ്കര്‍ ലോറികളിലെ ജലവിതരണം ഭാവിയില്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കാനും സാധിക്കും.

മണ്ണും ജലവും സംരക്ഷിക്കാന്‍ തൊഴിലുറപ്പ് പദ്ധതികള്‍

അയ്യങ്കാളി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളുമായി ഏകോപിപ്പിച്ച് സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കും. വിവിധ ഏജന്‍സികളുടെ സഹായത്തോടുകൂടി മണ്ണ് സംരക്ഷണ വിഭാഗവും തദ്ദേശതലത്തില്‍ മണ്ണുജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുലാവര്‍ഷക്കാലത്ത് തരിശുഭൂമികളില്‍ മഴക്കുഴികളും തടങ്ങളും ഒരുക്കി മഴവെള്ളം കൂടുതല്‍ മണ്ണിലേക്കിറക്കാന്‍ ലക്ഷ്യമിടുന്നു. തെങ്ങ്, കവുങ്ങ് കൃഷിയിടങ്ങളില്‍ ശാസ്ത്രീയ മണ്ണ്ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനൊപ്പം തട്ടുതിരിക്കല്‍, മണ്ണ്കയ്യാലകള്‍, പുല്‍വരമ്പുകള്‍, ചെറു ചെക്ക് ഡാമുകള്‍ എന്നിവ നിര്‍മ്മിച്ച് ജലം പരമാവധി മണ്ണിലേക്ക് ഇറങ്ങാന്‍ അവസരമൊരുക്കും.

ജില്ലയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ മറ്റ് നൂതന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ഉടന്‍ നടപ്പിലാക്കും. നീര്‍ത്തടങ്ങളിലെ ഫസ്റ്റ് ഓര്‍ഡര്‍ മുതല്‍ അനുയോജ്യമായ തടയണകള്‍ നിര്‍മ്മിച്ച് ഒഴുകുന്ന ജലത്തെ മണ്ണിലേക്ക് കിനിഞ്ഞിറക്കും. അരുവികളുടെയും തോടുകളുടെയും ഉത്ഭവ പ്രദേശങ്ങളില്‍ വ്യാപകമായി വനവല്ക്കരണ പ്രവൃത്തികള്‍ ഏറ്റെടുക്കും. കൂടാതെ, മഴക്കാലത്ത് പ്രധാന നദികളിലുണ്ടാകുന്ന അധികജലം ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ സംഭരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. ശാസ്ത്രീയമായ ജലസംരക്ഷണത്തിലൂടെയും ജനങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തത്തിലൂടെയും വരും നാളുകളില്‍ ജലക്ഷാമത്തെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ ജില്ല സജ്ജമാണെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍ പറഞ്ഞു.

 

error: Content is protected !!