ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റന്‍ വി.ഡി.സതീശന്. ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും നാടകീയമായ ചര്‍ച്ചകള്‍ക്കും അധികാര വടംവലിക്കും വിരാമമിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. എംഎല്‍എമാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി.വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും ഹൈക്കമാന്‍ഡിനെ സതീശനിലേക്ക് എത്തിച്ചതില്‍ നിര്‍ണായക ഘടകമായി.
അങ്ങനെയാണ് എംഎല്‍എമാരുടെ അംഗബലത്തില്‍ മുന്നിലായിട്ടും ജനവികാരവും ഉജ്ജ്വല വിജയം സമ്മാനിച്ച നായകന് എന്ന പരിവേഷവും കെ.സി.യെ തള്ളി സതീശന് എന്ന പേരിലേക്ക് ഹൈക്കമാന്‍ഡിനെ എത്തിച്ചത്. പത്തുവര്‍ഷത്തെ പിണറായി സര്‍ക്കാരിന് അന്ത്യം കുറിച്ച് 102 സീറ്റുമായി അധികാരത്തിലേറിയ യുഡിഎഫ് കഴിഞ്ഞ 10 ദിവസമായി മുഖ്യമന്ത്രിപദത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത്രില്ലര്‍ പോരാട്ടത്തിനാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്.
മുഖ്യമന്ത്രി പദത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ മത്സരം തെരുവിലേക്കെത്തി. നേതാക്കളെ പിന്തുണച്ച് ഫ്ളെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുകയും പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്ന കാഴ്ചകളും കണ്ടു. സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ അലയൊലികള്‍ നിറഞ്ഞു. 10 ദിവസമായി തുടര്‍ന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടുകൊടുത്ത് പ്രമേയം പാസാക്കിയാണ് പിരിഞ്ഞത്. തുടര്‍ന്ന് എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും
മുകുള്‍ വാസ്നിക്കും എം.എല്‍.എ.മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . ഘടകക്ഷി നേതാക്കളുടെ അഭിപ്രായങ്ങളും തേടി. എന്നാല്‍, ഇതിനിടയില്‍ മുകുള്‍ വാസ്നികിന്റെ കൈവമുള്ള ഒരു രേഖ ചോര്‍ന്നതും അത് കെ.സി. വേണുഗോപാലിന് അനുകൂലമായ ലിസ്റ്റ് ലിസ്റ്റ് ആണെന്ന സൂചനകളും പാര്‍ട്ടിക്കുള്ളില്‍ വലിയ കലഹത്തിന് വഴിതുറന്നു.
നിരീക്ഷകരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമായത്.
കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിക്കും. കേരളത്തിലേക്കുള്ള കോണ്‍ഗ്രസ് നിരീക്ഷക ദീപ ദാസ് മുന്‍ഷി ആയിരിക്കും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുക എന്നാണ് സൂചന. വാര്‍ത്താ സമ്മേളനത്തില്‍ ദീപ ദാസ് മുന്‍ഷിയോടൊപ്പം നിരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവരും പങ്കെടുക്കും.
ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി കെ.സി. വേണുഗോപാലുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയായിരുന്നു. ഇതിനുശേഷം രാഹുലും പ്രിയങ്കയും കെ.സി.യുമായി വീണ്ടും ചര്‍ച്ച നടത്തി. ഇതിനിടെ ദീപ ദാസ് മുന്‍ഷിയും നിരീക്ഷകരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണുകയും ചെയ്തു.
