ബംഗാളില്‍ പുതുചരിത്രമെഴുതി ബിജെപി: സുവേന്ദു അധികാരി ഇനി മുഖ്യമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്ര മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും എന്‍ഡിഎ മുഖ്യമന്ത്രിമാരും പങ്കെടുത്തു. റോഡ് ഷോ നടത്തിയാണ് നരേന്ദ്രമോദിയും സുവേന്ദു അധികാരിയും വേദിയിലെത്തിയത്. വേദിയില്‍ ടാഗോറിന്റെ ചിത്രത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.
98 വയസുള്ള ബിജെപി നേതാവ് മഖന്‍ലാല്‍ സര്‍ക്കാരിനെ വേദിയില്‍ ആദരിച്ചു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വന്‍ ജനാവലിയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നത്. ചടങ്ങിന് എത്തിയ ജനങ്ങളെ ജാല്‍മുരി വിതരണം ചെയ്താണ് സ്വീകരിച്ചത്. ബംഗാളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാന മുഖങ്ങളില്‍ ഒരാളായിരുന്നു സുവേന്ദു അധികാരി. ആദ്യം കോണ്‍ഗ്രസിന്റെയും പിന്നീട് ഇടതുപക്ഷത്തിന്റെയും അതിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഉരുക്കുകോട്ടയായിരുന്ന ബംഗാള്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ നേടിയ ഐതിഹാസിക വിജയമാണ് സുവേന്ദുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്.
നന്ദിഗ്രാം, ഭവാനിപുര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു.
മമത ബാനര്‍ജിയെ സ്വന്തം തട്ടകമായ ഭവാനിപുരില്‍ 15,000ത്തിലധികം വോട്ടുകള്‍ക്കാണ് സുവേന്ദു പരാജയപ്പെടുത്തിയത്.

error: Content is protected !!