കാഞ്ഞങ്ങാട്: വാണിജ്യ സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 993 രൂപയാണ് വര്‍ദ്ധിപ്പിച്ച്
ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് കാഞ്ഞങ്ങാട് യൂണിറ്റ് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അഞ്ച് മാസത്തിനിടെ സിലിണ്ടറിന് ആകെ 1,498 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇത് സാധാരണക്കാരായ ഹോട്ടലുടമകളുടെയും കുടുംബങ്ങളുടെയും ഉപജീവനത്തെ സാരമായി ബാധിക്കുന്നു. അശാസ്ത്രീയമായ ഈ വില വര്‍ദ്ധനവ് പിന്‍വലിക്കുക, ഹോട്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സബ്സിഡികള്‍ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഈ മാസം 6 ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പണിമുടക്കാന്‍ കെ എച്ച് ആര് എ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ മുന്നോടിയായാണ് യൂണിറ്റ് തലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു ഭാഗത്ത് ലോക്കല്‍ സര്‍ക്കാരിന്റെ വിവിധ ലൈസന്‍സ് ഫീസുകളും നികുതികളും വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് ഇന്ധനവിലയിലുണ്ടാകുന്ന ഈ അമിത ഭാരം ഹോട്ടലുകള്‍ പൂട്ടിയിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത് പ്രതിഷേധത്തില്‍ സംസാരിച്ച ഭാരവാഹികള്‍ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് അസോസിയേഷന് തീരുമാനം.
ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. സി.ശിശുപാല്‍, ഗുട്ടപ്പണ്ണ, രാജേന്ദ്ര പൈ, ഹരി ചൈത്രം, അലി ബിസ്മില്ല, ഗോപികൃഷ്ണന്, സുദീഷ് സൂര്യ, സിദ്ധീഖ് മലബാര്‍, അബ്ദുല്ല എലൈറ്റ്, നദീഷ് ഒറിയാനോ ,എന്‍.ചന്ദ്രന് ,ഒ.ടി. കരിം എന്നിവര്‍ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി എം.ഗംഗാധരന് സ്വാഗതവും ഹമീദ് കൂളിയങ്കാല്‍ നന്ദി പറഞ്ഞു.
