ചെറുവത്തൂര്‍: കാലിക്കടവ് ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഈ മാസം അഞ്ച് മുതല്‍ എട്ട് വരെ വിവിധ പരിപാടികളോടെ നടക്കും. കളിയാട്ട മഹോത്സവം പൂര്‍വ്വാധികം ഗംഭീരമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കളിയാട്ടത്തിന് ആരംഭം കുറിച്ച് 15 ദിവസം മുമ്പ് തുടങ്ങിയ നാട്ടെഴുന്നള്ളത്ത് മൂന്നിന് മാരിമാറ്റല്‍ ചടങ്ങോടെ അവസാനിക്കും. നാലിന് തിങ്കളാഴ്ച വൈകുന്നേരം മാടായിക്കാവില്‍ നിന്ന് തൊഴുതുവരുന്ന ക്ഷേത്രേശ്വന്മാരെയും വാല്യക്കാരെയും പാലക്കുന്ന് കുഞ്ഞാല്ത്തറ മട്ട ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര പരിസരത്ത് നിന്നും എതിരേറ്റ് ആനയിക്കും. ആറരക്ക് ക്ഷേത്രം വനിതാകൂട്ടായ്മ അവതരിപ്പിക്കുന്ന മെഗാ ഫ്യൂഷന്‍ ഡാന്‍സും തുടര്‍ന്ന് ഉത്തരമേഖല കൈകൊട്ടിക്കളി മത്സരവും അരങ്ങേറും. അഞ്ചിന് രാവിലെ അക്ഷരശ്ലോക സദസ്. 11 മണിക്ക് ഉദിനൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരും.തുടര്‍ന്ന് ശ്രീ രയരമംഗലം വടക്കേംവാതില്ക്കലില് നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര പുറപ്പെടും. ഉച്ചക്ക് 12 മണിക്ക് ഉത്തരമേഖലാ പൂരക്കളി മത്സരം പൂരക്കളി മറത്തുകളി പണ്ഡിതന് തമ്പാന് പണിക്കര്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്യും.കുഞ്ഞികൃഷ്ണന് പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. പൂരക്കളി അവാര്‍ഡ് ജേതാക്കളെ ക്ഷേത്രം സ്ഥാനികര്‍ അനുമോദിക്കും. വൈകുന്നേരം ആറു മണിക്ക് രമണീയം വനിതാ സംഗമം വനിതാകമ്മീഷന് അംഗം അഡ്വ.പി കുഞ്ഞായിഷ ഉദ്ഘാടനം ചെയ്യും. വനിതാകമ്മിറ്റി പ്രസിഡന്റ് പി പി ശ്രീജ അദ്ധ്യക്ഷത വഹിക്കും. കോളേജ് പ്രിന്‍സിപ്പാള്‍ പ്രീയ പൂവട്ട മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടരയ്ക്ക് സ്ത്രീകളും കുട്ടികളും അവതരിപ്പിക്കുന്ന നാട്യാഞ്ജലി. ആറിന് വൈകുന്നേരം സാംസ്ക്കാരിക സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എം. പി ഉദ്ഘാടനം ചെയ്യും. കെ. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ എം രാജഗോപാലന്‍ എം എല്‍ എ ആദരിക്കും.ഉത്തരമലബാര്‍ ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് രാജന് പെരിയ മുഖ്യാതിഥിയാകും.മാടായിക്കാവ് ദേവസ്വം മാനേജര്‍ എന്‍. നാരായണ പിടാരര് അനുഗ്രഹ പ്രഭാഷണം നടത്തും. കളിയാട്ട ദിവസങ്ങളില്‍ തൂവക്കാരന്‍ ദൈവം, കരിന്തിരി നായര്‍, പുലിക്കണ്ടന്, പുലിയൂര് കണ്ണന്, പുലിമുരുകന്, കാളപ്പുലി, പടവീരന്‍, വണ്ണാത്താന്‍ ദൈവം, പുള്ളിക്കരിങ്കാളി, പുലിയൂര് കാളി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ ക്ഷേത്രമുറ്റത്ത് പുറപ്പാടാകും. ഏഴിന് രാത്രി എട്ടിന് വര്‍ണ്ണശബളമായ തിരുമുല്‍ കാഴ്ച ശ്രീ രയരമംഗലം വടക്കേംവാതില്ക്കലില് നിന്നും പുറപ്പെടും.എട്ടിന് ഉച്ചക്ക് 12 മണിക്ക് ശ്രീ കരക്കയില്‍ ഭഗവതിയുടെ തിരുമുടിയേറ്റം. നാല് ഊരുകളിലായുള്ള 1200 വീട്ടുകാരും കളിയാട്ടം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്മാന് എം.വിനോദ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ എം കൃഷ്ണന്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.വി വിജയന്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രചന ബാബു, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അനൂപ് കാനായി, ആഘോഷകമ്മിറ്റി വൈസ് ചെയര്മാന് കെ.വി രാജന്, ജോയിന്റ് കണ്‍വീനര്‍ പി.പി അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
