വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ആസ്ഥാനമായ മലയോര പ്രദേശത്തെ ആദ്യത്തെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ വി.ജെ.സാജു ഏപ്രില്‍ 30 നു ഗവണ്മെന്റ് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. 1995 മെയ് 3 ന് കെ.എസ്.ആര്.ടി.സി യില്‍ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ ആയി ഔദോഗിക ജോലി ആരംഭിച്ച അദ്ദേഹം കെ എസ് ആര് ടി സി യില്‍ ഡിപ്പോ എഞ്ചിനീയര്‍,അസിസ്റ്റന്റ് വര്‍ക്ക്സ് മാനേജര്‍,വര്‍ക്സ് മാനേജര്‍ എന്നീ തസ്തികകളില്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത ശേഷം കോഴിക്കോട് ആസ്ഥാനമായ ഉത്തര മേഖലയുടെ ചുമതല ഉള്ള സോണല്‍ ഓഫീസര്‍ ആയി ജോലി ചെയ്തു കൊണ്ടിരിക്കവേ ആണ് അവിടെ നിന്നും രാജിവച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ആയി ഗവണ്മെന്റ് സര്‍വീസില്‍ പ്രവേശിക്കുന്നത്.
കെ എസ് ആര് ടി സി യില്‍ ജോലി ചെയ്യുന്ന സമയത്ത് മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഒട്ടനേകം സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.
കൊന്നക്കാട് നിന്നും വെളുപ്പിന് 4.25 ന് പുറപ്പെടുന്ന കൊന്നക്കാട്മംഗലാപുരം സര്‍വീസും (ആദ്യത്തെ പരശുറാം എക്സ്പ്രെസ് ട്രെയിന്‍ കണക്ഷന് ബസ്സ്), കൊന്നക്കാട്കോട്ടയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസും ഇതില്‍ പ്രധാനമാണ്.
കെ എസ് ആര് ടി സി കാഞ്ഞങ്ങാട് ഡിപ്പോ യുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും സോണല്‍ ഓഫീസര്‍ ആയിരുന്ന സാജു ആയിരുന്നു. വെള്ളരിക്കുണ്ട് സബ് ആര് ടി ഓഫീസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു. 31 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് സാജു വിരമിക്കുന്നത്.
സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്ന ഇദ്ദേഹം ഇപ്പോള്‍ വെള്ളരിക്കുണ്ട് വൈ എം സി എ യുടെ പ്രസിഡന്റാണ് .പാവപ്പെട്ട ഒരു സഹോദരന് വീട് നിര്‍മ്മിച്ച് നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.
മുമ്പ് വെള്ളരിക്കുണ്ട് ജേസീസ് ,വൈസ് മെന്‍ ക്ലബ് എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
