നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയുള്ള റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് നീലേശ്വരം നഗരസഭ ആക്ഷന്‍ കമ്മിറ്റി. ടൗണില്‍ തൂണുകളില്‍ നിലനില്‍ക്കുന്ന ആകാശപാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫീസിന് മുന്നില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് ബഹുജന പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയപാതയില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ബാനര്‍ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ ബാനര്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍കോട് ഭാഗത്തേക്കുള്ള റോഡിലും പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയത്. നഗരസഭ ചെയര്മാന് ടി.വി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. നിലവിലെ അശാസ്ത്രീയമായ നിര്‍മ്മാണ രീതി നീലേശ്വരത്തിന്റെ വികസനത്തെയും പൊതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് ചെയര്മാന് പറഞ്ഞു. നഗരത്തെ ഇരുവശങ്ങളിലുമായി ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ആകാശപാത എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. അധികൃതര്‍ ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ തയ്യാറാകാത്ത പക്ഷം വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനത്തില്‍ അണിനിരന്നു.
