കാഞ്ഞങ്ങാട്: ഷാര്‍ജയില്‍ അന്തരിച്ച കല്യാണ്‍ റോഡ് അത്തിക്കോത്ത് സ്വദേശി വേണുഗോപാല (59)ന്റെ മൃതദേഹം ഇന്ന് രാവിലെ 8.30 മണിയോടെ അത്തിക്കോത്തെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിക്ക് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് മൃതദേഹം ഇന്ന് പുലര്‍ച്ചെയോടെ കോഴിക്കോട്ട് എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം തോയമ്മലിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പ്രമേഹരോഗ ബാധിതനായിരുന്നു. മാര്‍ച്ച് 17ന് ഇന്‍സുലിന്‍ വാങ്ങാന്‍ പോയ സമയത്ത് പക്ഷാഘാതത്താല്‍ തളര്‍ന്നു വീണു. ഉടന്‍ ഷാര്‍ജയിലെ ബുര്‍ജില്‍ സ്പെന്യൂഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഹൃദയാഘാതവുമുണ്ടായി. ചിയില്സക്കിടെ
വേണുഗോപാലന്‍ ഏപ്രില്‍ 18നാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സായിനത്തില്‍ 2,17,000 ദിര്‍ഹംസാണ്(ഏകദേഹം 55 ലക്ഷത്തോളം രൂപ) അടയ്ക്കേണ്ടിയിരുന്നത്. മൃതദേഹം വിട്ടു കിട്ടുന്നതിനായി വേണുഗോപാലിന്റെ ബന്ധുക്കളും, സുഹൃത്തുക്കളും വിവിധ പ്രവാസി സംഘടനകള്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആശുപത്രി അധികൃതരെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ തുകയില്‍ ഇളവുവരുത്തി 40,000 ദിര്‍ഹംസ് (പത്ത് ലക്ഷം രൂപ)അടയ്ക്കാന്‍ ധാരണയാവുകയുമായിരുന്നു. സംഭവത്തില്‍ പ്രവാസി സംഘടനകള്‍ ഇടപെട്ട് ആശുപത്രി ചിലവ് വഹിച്ചതോടെ മൃതദേഹം വിട്ടു കിട്ടുന്നത് എളുപ്പമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്, സാരഥി യുഎഇ, പുല്ലൂര്‍ പ്രവാസി, തണല്‍ ബല്ല, സ്പന്ദനം കാഞ്ഞങ്ങാട്, പ്രവാസി ഭാരതി യുഎഇ, ഹോസ്ദുര്‍ഗ് ജനക്ഷേമ സമിതി, രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്, മടിക്കൈ പ്രവാസി അസോസിയേഷന്,ആശ്രയ ചാരിറ്റി ഷാര്‍ജ, ശക്തി കാസര്‍കോട്, നേവ, കൂട്ടം എന്നീ കാസര്‍കോട് ജില്ലയിലെ പ്രവാസി സംഘടനകള്‍ കൈകോര്‍ത്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കിയത്. 35 വര്‍ഷത്തിലധികമായി ഗള്‍ഫിലെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു വേണുഗോപാലന്‍. ചികിത്സാര്‍ത്ഥം നാട്ടിലെത്തിയ വേണുഗോപാലന്‍ വിസ ക്യാന്‍സല്‍ ചെയ്തു വരാന്‍ മാര്‍ച്ച് ആദ്യവാരമാണ് ഷാര്‍ജയിലേക്ക് പോയത്.
