വിടവാങ്ങലിന്റെ 97ാം വര്‍ഷം; വിദ്വാന്‍ പിക്ക് കര്‍മഭൂമിയില്‍ സ്മാരകമൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കവിയും നാടകപ്രവര്‍ത്തകനും സംസ്‌കൃതാധ്യാപകനും നവോത്ഥാനനായകനുമൊക്കെയായി പകര്‍ന്നാടിയ കേവലം 28 വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് വിദ്വാന്‍ പി കേളുനായര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 97 വര്‍ഷം. അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും വേദിയായ വെള്ളിക്കോത്ത് വിജ്ഞാനദായിനി പാഠശാല നിലനിന്നിരുന്ന സ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ പണി അവസാനഘട്ടത്തോടടുക്കുകയാണ്.

നിര്‍ദിഷ്ട കാഞ്ഞങ്ങാട് പൈതൃക ഇടനാഴി പദ്ധതിയുടെ കൂടി ഭാഗമായാണ് വെള്ളിക്കോത്ത് സ്‌കൂളിനു സമീപത്തുള്ള സ്ഥലത്ത് സാംസ്‌കാരിക കേന്ദ്രം നിര്‍മിക്കുന്നത്. വായനശാല, പൈതൃക മ്യൂസിയം, നാടക പരിശീലനകേന്ദ്രം, തീയറ്റര്‍ എന്നിവയടങ്ങുന്നതാകും കേന്ദ്രം. പുതുതലമുറകള്‍ക്ക് നാടിന്റെ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും കുറിച്ച് അറിയാനും പഠിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം.
തുടക്കത്തില്‍ രണ്ടു നിലകളിലായി വിഭാവനം ചെയ്ത കെട്ടിടം ഫണ്ടിന്റെ അപര്യാപ്തത മൂലം തത്കാലം ഒറ്റ നിലയിലാണ് നിര്‍മിക്കുന്നത്. പിന്നീട് രണ്ടാം നില കൂടി നിര്‍മിക്കാവുന്ന തരത്തിലാണ് നിര്‍മാണം.
1929 ഏപില്‍ 18 നാണ് താന്‍ തന്നെ സ്ഥാപിച്ച വിജ്ഞാനദായിനി സംസ്‌കൃത പാഠശാലയ്ക്കുള്ളില്‍വച്ച് വിദ്വാന്‍ പി ജീവനൊടുക്കിയത്. നാട്ടിലെ പൊതുപരിപാടികളിലും ക്ഷേത്രോത്സവത്തിലും പട്ടികജാതിക്കാരായ കുട്ടികളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതടക്കമുള്ള സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വന്തം ബന്ധുക്കളടക്കം ഒറ്റപ്പെടുത്തിയതും ആത്മാര്‍ത്ഥതയോടെ നടത്തിയ പല പ്രവര്‍ത്തനങ്ങളും ഫലം കാണാതെ പോയതും മൂലമുണ്ടായ നിരാശയായിരുന്നു കാരണമെന്നാണ് കരുതപ്പെടുന്നത്.

1901 ല്‍ നീലേശ്വരത്തു ജനിച്ച കേളുനായര്‍ ബാല്യകാലത്തുതന്നെ സംസ്‌കൃതവും സംഗീതവും അഭ്യസിച്ചിരുന്നു. പിന്നീട് കോട്ടയ്ക്കലില്‍ ചെന്ന് ആയുര്‍വേദവും പഠിച്ചു. ഒന്നരക്കൊല്ലം ഉത്തരേന്ത്യയില്‍ സൈനികസേവനം അനുഷ്ഠിച്ചിരുന്നു. അതുപേക്ഷിച്ചാണ് 1926 ല്‍ നാട്ടില്‍ തിരിച്ചെത്തി വെള്ളിക്കോത്ത് വിജ്ഞാനദായിനി പാഠശാല സ്ഥാപിച്ച് അധ്യാപനവും നാടകപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനങ്ങളും തുടങ്ങിയത്. അന്നോളമുണ്ടായിരുന്ന ഭക്തിരസപ്രധാനമായ നാടകങ്ങളില്‍ നിന്നു മാറി സാമൂഹ്യ വിഷയ്ങളും സ്വാതന്ത്ര്യസമരവും ദേശസ്‌നേഹവുമൊക്കെ വിഷയങ്ങളാക്കിയതിലൂടെയാണ് വിദ്വാന്‍ പിയുടെ സംഗീത നാടകങ്ങള്‍ ശ്രദ്ധേയമായത്. നാടകഗാനമെന്ന നിലയില്‍ അദ്ദേഹം എഴുതിയ സ്മരിപ്പിന്‍ ഭാരതീയരെ, നമിപ്പിന്‍ മാതൃഭൂമിയെ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും തലമുറകള്‍ ഏറ്റുപാടുന്നവയാണ്.

വിദ്വാന്‍ പി സ്ഥാപിച്ച വിജ്ഞാനദായിനി പാഠശാല ചുരുങ്ങിയ കാലംകൊണ്ട് ഉത്തരമലബാറിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നിരുന്നു. കേരളത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇവിടെയെത്തിയിരുന്നു. വിദ്വാന്‍ പിയുടെ കാലശേഷം ഇതിനോടനുബന്ധിച്ച സ്ഥലത്താണ് ഇന്നത്തെ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത്.

 

error: Content is protected !!