ചിറ്റാരിക്കാല്‍: ചെറിയൊരപകടം പറ്റിയതിനെ തുടര്‍ന്ന് ബൈക്ക് പാതയോരത്തുവച്ച് ആശുപത്രിയിലേക്കു പോകുമ്പോള്‍ തന്റെ പ്രിയപ്പെട്ട ബൈക്കിനെ ഈയൊരവസ്ഥയില്‍ കാണേണ്ടിവരുമെന്ന് പാലാവയല് സ്വദേശി സോജന് പാമ്പക്കല് കരുതിയിരുന്നില്ല. സോജന് വിളിച്ചുപറഞ്ഞതു പ്രകാരം ബൈക്കെടുക്കാനായി വര്‍ക്ക് ഷോപ്പുകാര്‍ അയച്ച ആള് എത്തുമ്പോഴേക്കും ബൈക്ക് വച്ച സ്ഥലത്തിന്റെ തൊട്ടടുത്ത വീട്ടിലുള്ള യുവാവ് ബൈക്കിനെ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചടുക്കിയിരുന്നു. ചെറിയ ചെറിയ പാര്‍ട്സുകള്‍ പോലും അഴിച്ചു മാറ്റിയ നിലയിലാണ് ബൈക്ക് ഉണ്ടായിരുന്നത്. മുന്‍വശത്തെ ടയറും സീറ്റും എന്‍ജിനും ഹെഡ് ലൈറ്റും ഹാന്‍ഡിലുമെല്ലാം വേര്‍പെടുത്തിയ നിലയില്‍ സമീപത്തെ വീടിനു മുന്നില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുകയായിരുന്നു.
വര്‍ക്ക് ഷോപ്പുകാര്‍ വിളിച്ചുപറഞ്ഞതു പ്രകാരം സോജന് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസിന് കാര്യം കേട്ടപ്പോള്‍ തന്നെ മനസിലായി. ബൈക്ക് വഴിയില്‍നിന്ന് എടുത്തുകൊണ്ടുപോയി പൊളിച്ച യുവാവ് സ്ഥിരം പ്രശ്നക്കാരനായിരുന്നു. പിന്നീട് പോലീസുകാരെയും കൂട്ടി ആ വീട്ടിലെത്തിയാണ് സോജന് ബൈക്കിന്റെ ഭാഗങ്ങള്‍ പെറുക്കിക്കൂട്ടി ജീപ്പില്‍ കയറ്റി വര്‍ക്ക് ഷോപ്പിലേക്കു കൊണ്ടുപോയത്. അപകടത്തില്‍ ചെറിയ കേടുപാടുകള്‍ മാത്രമുണ്ടായിരുന്ന ബൈക്ക് ഇനി പഴയ രൂപത്തിലാക്കിയെടുക്കണമെങ്കില് വലിയ തുക മുടക്കേണ്ടിവരുമെന്ന അവസ്ഥയാണ്. വ്യാഴാഴ്ച വരക്കാടിനും നര്ക്കിലക്കാടിനും ഇടയില്‍ വച്ചായിരുന്നു സോജന് അപകടം പറ്റിയത്. ബൈക്കോടിക്കുമ്പോള്‍ വെയില്‍ച്ചൂടിന്റെ ക്ഷീണംകൊണ്ട് ചെറുതായൊന്ന് മയങ്ങിപ്പോയതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കാനയിലേക്കു തെന്നിമറിയുകയായിരുന്നു. ബൈക്കുമായി നിലത്തു വീണുരഞ്ഞതോടെ സോജന്റെ ശരീരത്തില്‍ അങ്ങിങ്ങായി പരിക്കുകളും പോറലുകളുമേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് ബൈക്ക് വഴിയോരത്തു വച്ചിട്ട് മറ്റൊരു വാഹനത്തില്‍ സോജന് ആശുപത്രിയിലേക്കു പോയത്. ഇന്നലെ രാവിലെയാണ് ബൈക്ക് എടുത്തുകൊണ്ടുവരാനായി വര്‍ക്ക് ഷോപ്പുകാര്‍ പറഞ്ഞയച്ച ആള് ഒരു പിക്ക്അപ് വാനുമായി അപകടം സംഭവിച്ച സ്ഥലത്തെത്തിയത്. എന്നാല്‍ സോജന് പറഞ്ഞതുപോലെ പാതയോരത്ത് ബൈക്ക് കാണാനില്ലായിരുന്നു. ചുറ്റുപാടും നോക്കിയപ്പോഴാണ് സമീപത്തെ വീട്ടുമുറ്റത്ത് ബൈക്ക് മുഴുവനായും പൊളിച്ചിട്ടിരിക്കുന്ന നിലയില്‍ കണ്ടത്. വീടിന്റെ പോര്‍ച്ച് നിറയെ ബൈക്കിന്റെ പാര്‍ട്സുകള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന യുവാവിനോടു കാര്യം ചോദിച്ചപ്പോള്‍ ബൈക്കില്‍ തൊട്ടുപോകരുതെന്നായിരുന്നു ഭീഷണി. ഇതോടെയാണ് ഇയാള്‍ സോജനെ വിളിച്ച് കാര്യം പന്തിയല്ലെന്ന് അറിയിച്ചത്. ഈ യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നും വീട്ടിലുള്ളവരെയെല്ലാം വഴക്കുണ്ടാക്കി പറഞ്ഞുവിട്ട് ഒറ്റയ്ക്ക് താമസിക്കുകയാണെന്നും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ സ്വന്തം വീട്ടുകാര്‍ അടക്കം നേരത്തെ നല്കിയ പരാതികള്‍ സ്റ്റേഷനിലുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായും നാട്ടുകാര്‍ സംശയിക്കുന്നു. ഇപ്പോള്‍ സോജനും ഇയാള്‍ക്കെതിരായി പരാതി നല്‍കിയിട്ടുണ്ട്.
