പാലക്കുന്ന്: കന്നിക്കലവറ നിറയ്ക്കലോടെ പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് തുടക്കമായി. തറവാട് തിരുമുറ്റത്ത് നിരത്തിയ തറവാടു വക കോപ്പുകള്‍ അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കലവറയില്‍ ആദ്യം സമര്‍പ്പിച്ചു . തുടര്‍ന്ന് ചിറമ്മല്‍ മലാംകുന്ന് പ്രാദേശിക സമിതി, തൃക്കണ്ണാട് പാറമ്മല്‍ ധര്‍മ്മദൈവം തറവാട്, മാങ്ങാട് ബാര പ്രാദേശിക സമിതി, ഉദുമ കിഴക്കേവീട് തറവാട്, തല്ലാണി ഹെഗ്ഡെ തറവാട്, ചിറമ്മല്‍ വലിയ വീട് തറവാട്, മലാംകുന്ന് പുത്യക്കോടി തറവാട്, പട്ടത്താനം വലിയവീട് തറവാട്, കരിപ്പോടി പ്രാദേശിക സമിതി, തല്ലാണി കൂട്ടായ്മ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്ന് ഘോഷയാത്രയായും അല്ലാതെയും ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങളുമായി തറവാട്ടിലെത്തി കലവറയില്‍ സമര്‍പ്പിച്ചു. സ്ഥാനികരുടെയും വെളിച്ചപ്പാടുകളുടെയും കാര്‍മികത്വത്തില്‍ കൊളുത്തിയ നിലവിളക്ക് ഉത്സവം തീരും വരെ കെടാവിളക്കായി കലവറയില്‍ പ്രകാശം ചൊരിയും.കലവറ സൂക്ഷിപ്പുകാരായി നിയുക്തരായ മനോജ് മണിയാണിയും സഹായി കോതോര്‍മ്പത്ത് കുഞ്ഞിരാമനും സദാ സമയം കലവറയില്‍ ഉണ്ടാകും.
വൈകിട്ട് പ്രദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര കളിയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. കലവറ നിറയ്ക്കല്‍ കഴിഞ്ഞെങ്കിലും ദൈവീകമായ മറ്റു ചടങ്ങുകള്‍ ഇന്നാണ് തുടങ്ങുക. സന്ധ്യയ്ക്ക് കൈവീതിന് ശേഷം മറക്കളത്തില്‍ തിരിതെളിയുന്നതോടെ ഈ ഇടം മറ്റൊരു കൊട്ടിലകമാകും. തോറ്റംചൊല്ലികഴിഞ്ഞാല് തെയ്യംകെട്ടിനുള്ള കോലധാരികളെ പ്രഖ്യാപിക്കും. വയനാട്ടുകുലവന്‍, തറവാട് തെയ്യങ്ങല്‍ കൂടലും വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, കുറത്തിയമ്മ തെയ്യങ്ങളുടെ തുടങ്ങലും പൊട്ടന് തെയ്യത്തിന്റെ തോറ്റവുമാണ് നടക്കുക.
നാളെ തറവാട് സന്നിധിയില്‍ : പുലര്‍ച്ചെ 3ന് പൊട്ടന് തെയ്യവും 5ന് കുറത്തിയമ്മയും അരങ്ങിലെത്തും.
10ന് വിഷ്ണുമൂര്‍ത്തിയുടെയും തുടര്‍ന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും 2 ന് രാജരാജ ഗുളികന്റെയും പുറപ്പാടുകള്‍ നടക്കും. 4ന് കാര്‍ന്നോന്‍ തെയ്യത്തിന്റെയും 6ന് കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടങ്ങള്‍ക്ക് ശേഷം 9നാണ് കണ്ടനാര്‍ കേളന്റെ വെള്ളാട്ടവും ബപ്പിടലും നടക്കുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും 19 ന് സന്ധ്യവരെ സദാ നേരവും ഭക്ഷണ വിതരണം ഉണ്ടാകുമെന്നും ചെയര്മാന് സി. എച്ച്. നാരായണനും വര്‍ക്കിഗ് ചെയര്മാന് അഡ്വ കെ. ബാലകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ പി. ബി. കുഞ്ഞിരാമനും അറിയിച്ചു. കേളന്റെ വെള്ളാട്ട സമയത്ത് മാത്രം ഭക്ഷണശാല അടച്ചിടും.
