കരിവെള്ളൂര്‍: വനിത സിവില്‍ പോലീസ് ഓഫീസറായ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ രാജേഷിനെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് കുറ്റക്കാരനായി വിധിച്ചത്. കേസില്‍ ശിക്ഷ 11 വിധിക്കും.
2024 നവംബര്‍ 21ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന ദിവ്യശ്രീ, ചന്തേര പോലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക ചുമതല നിര്‍വഹിച്ചുവരികയായിരുന്നു.
സംഭവ ദിവസം വൈകിട്ട് ബൈക്കില്‍ വീട്ടിലെത്തിയ പ്രതി ദിവ്യശ്രീയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വടിവാളുകൊണ്ട് ആക്രമിച്ചതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീ വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി ഗേറ്റിന് സമീപം കുഴഞ്ഞുവീണു. തടയാന്‍ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
നാട്ടുകാര്‍ ഇരുവരെയും ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവ്യശ്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് ബാറില്‍ വച്ച് മണിക്കൂറുകള്‍ അകം പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും വിവാഹമോചന കേസ് സംഭവത്തിന് തലേന്നാള്‍ കണ്ണൂര്‍ കോടതിയില്‍ പരിഗണിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടതിയില്‍ അന്നേ ദിവസം ദിവ്യശ്രീ ഭര്‍ത്താവുമായി ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
