പരാജയഭീതിയില്‍ എന്‍.ഡി.എയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും സി.പി.എം നശിപ്പിക്കുന്നു; ആരോപണങ്ങളുമായി തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങര

ചെറുവത്തൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എന്‍.ഡി.എയുടെ ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിക്കുന്നതായി എന്‍ഡിഎ
സ്ഥാനാര്‍ത്ഥി രവി കുളങ്ങര ആരോപിച്ചു. പരാജയഭീതിയില്‍ നിന്നുള്ള സംഘടിത നീക്കമായാണ് ഈ നശീകരണ പ്രവര്‍ത്തനങ്ങളെ കാണുന്നതെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ ചെറുവത്തൂര്‍കയ്യൂര്‍ റോഡ് ജംഗ്ഷന്‍ സമീപം, കണ്ണാടിപ്പാറ, പുത്തിലോട്ട്, ചെമ്പ്രകാനം, കൊടക്കാട്, വെള്ളച്ചാല്‍ തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും നശിപ്പിക്കുകയും ചിലത് കാണാതാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട്, കയ്യൂര്‍–ചീമേനി, ചെറുവത്തൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയും വീടുകളില്‍ കയറി സമ്മര്‍ദം ചെലുത്തിയും തിരഞ്ഞെടുപ്പ് അന്തരീക്ഷം കലുഷിതമാക്കുകയാണ്.
എല്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ മുന്നിട്ടിറങ്ങി രാഷ്ട്രീയ മനോവീര്യം തകര്‍ക്കാനുള്ള നടപടിയാണിത്. അതുകൊണ്ടൊന്നും എന്‍.ഡി.എ പിറകോട്ടു പോകില്ല. ഏഴ് പതിറ്റാണ്ടായി ഇവിടെ നിന്ന് ജയിച്ച ഇടത് എം.എല്‍.എമാര്‍ തീര്‍ത്തും പരാജയമാണെന്നും രവി കുളങ്ങര പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ട്വന്റി20 നിരീക്ഷകന്‍ ബിനീഷ് മാത്യു എറണാകുളം, മണ്ഡലം കോ ഓഡിനേറ്റര്‍ രമണി രാജേഷ് എന്നിവരും പങ്കെടുത്തു.

 

error: Content is protected !!