മുസ്ലിംലീഗും ബിജെപിയും നേര്‍ക്കുനേര്‍ പോരാടുകയും കോണ്‍ഗ്രസും സിപിഎമ്മും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക നിയോജകമണ്ഡലം. അതാണ് കാസര്‍ഗോഡിന്റെ പ്രത്യേകത. 1977 മുതല്‍ മുസ്ലിംലീഗ് മാത്രം ജയിച്ചുവരുന്ന മണ്ഡലം സംസ്ഥാനത്തെ ലീഗിന്റെ ഉറച്ച സീറ്റുകളിലൊന്നായാണ് കാസര്‍ഗോഡ് വിലയിരുത്തപ്പെടുന്നത്. കാസര്‍ഗോഡ് നഗരസഭയും ചെങ്കള, മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ബദിയഡുക്ക, ബെള്ളൂര്‍, കാറഡുക്ക, കുംബഡാജെ പഞ്ചായത്തുകളും അടങ്ങിയതാണ് മണ്ഡലം. ഇതില്‍ കാസര്‍ഗോഡ്, ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ എന്നിവ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. ബദിയഡുക്കയും കുംബഡാജെയും ലീഗും ബിജെപിയും തുല്യശക്തികളാണ്. മധൂര്‍ ബിജെപിയുടെ ശക്തികേന്ദ്രവും കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകള്‍ അവര്‍ക്ക് മുന്‍തൂക്കവുമുണ്ട്. ബിജെപി തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നു പിടിക്കുന്ന വോട്ടുകള്‍ ചെങ്കള എന്ന ഒറ്റ പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന ലീഡ് കൊണ്ട് യുഡിഎഫ് മറികടക്കുന്ന രീതിക്കാണ് മുന്‍ നിയമസഭ തെരഞ്ഞെടുപ്പുകള്‍ സാക്ഷ്യംവഹിച്ചിട്ടുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് ബിജെപിയുടെ കെ.ശ്രീകാന്തിനെ 12,901 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റവുമധികം ഭൂരിപക്ഷം സമ്മാനിച്ച നിയോജകമണ്ഡലം കാസര്‍ഗോഡായിരുന്നു. 23,160 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്.
ആത്മവിശ്വാസത്തോടെ കല്ലട്ര
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റും വ്യവസായിയുമായ യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍ ഹാജി തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചകളുമില്ലാതെയാണ് കന്നിയങ്കത്തിനിറങ്ങുന്നത്. വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായ കല്ലട്ര അബ്ദുള്‍ ഖാദര്‍ ഹാജിയുടെ മകനാണ് മാഹിന്‍. ഡല്‍ഹിയിലും മലപ്പുറത്തും സ്വന്തം കൈയില്‍ നിന്നും പണം മുടക്കി മുസ്ലിംലീഗിന് ഓഫീസ് മന്ദിരങ്ങള്‍ നിര്‍മിച്ചുനല്‍കുകയും കാഞ്ഞങ്ങാട് ഫിഷ് മാര്‍ക്കറ്റിനായി നഗരമധ്യത്തിലെ 40 സെന്റ് സ്ഥലം വിട്ടുകൊടുക്കുകയും നിരവധി സ്‌കൂളുകള്‍ നിര്‍മിക്കുകയും ചെയ്ത അബ്ദുള്‍ ഖാദര്‍ അവസരമുണ്ടായിട്ടും അധികാരരാഷ്ട്രീയത്തോട് താല്‍പര്യം കാട്ടിയിരുന്നില്ല. അതിനാല്‍ തന്നെ കാസര്‍ഗോട്ടുകാര്‍ക്ക് കല്ലട്ര കുടുംബത്തോട് വൈകാരിക അടുപ്പമുണ്ട്. പരമ്പരാഗത ലീഗ് കോട്ടകള്‍ ഇത്തവണയും തന്നെ തുണയ്ക്കുമെന്ന കാര്യത്തില്‍ മാഹിന് സംശയം തെല്ലുമില്ല.
ചരിത്രം തിരുത്താന്‍ അശ്വിനി
മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ ജില്ലയിലെ ഏക വനിതാസാന്നിധ്യമാണ് ബിജെപി ജില്ലാ പ്രസിഡന്റായ എം.എല്‍.അശ്വിനി. ഒരു പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ലഭിക്കുന്ന ജില്ലയിലെ ആദ്യ വനിത കൂടിയാണിവര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് നേടിക്കൊടുത്ത സ്ഥാനാര്‍ഥി എന്ന ആത്മവിശ്വാസവുമായാണ് അശ്വിനി നിയമസഭയിലേക്കുള്ള കന്നിപോരാട്ടത്തിനൊരുങ്ങുന്നത്. കര്‍ണാടക ഭാഷാന്യൂനപക്ഷ വിഭാഗമാണ് അവരുടെ പ്രധാന വോട്ട് ബാങ്ക്. ദേശീയപാത വികസനം അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് അശ്വിനി വോട്ടര്‍മാരെ സമീപിക്കുന്നത്.
മാറ്റത്തിനായി ഷാനവാസ്
കോണ്‍ഗ്രസ് വിട്ടുവന്ന ഷാനവാസ് പാദൂരാണ് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കോട്ടയായ ചെങ്കള ഡിവിഷനില്‍ അട്ടിമറിജയം നേടുകയും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഐഎന്‍എലിനായി നീക്കിവെച്ച ഈ സീറ്റില്‍ അവര്‍ മത്സരിക്കാന്‍ വൈമുഖ്യം കാട്ടിയതോടെ അവസാനനിമിഷമാണ് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ മോശം പ്രകടനത്തിന്റെ റിക്കാര്‍ഡിന് ഇത്തവണ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
