ക്രൈസ്തവ വിശ്വാസികള്‍ പെസഹാ തിരുനാള്‍ ആചരിച്ചു

കാഞ്ഞങ്ങാട്: ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ തിരുനാള്‍ ആചരിക്കുകയാണ്. പീഡാസഹനത്തിനും കുരിശുമരണത്തിനും മുമ്പ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യ അത്താഴത്തിന്റെയും എളിമയുടേയും വിനയത്തിന്റെയും മാതൃക കാണിച്ചുകൊണ്ട് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെയും വിശുദ്ധകുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ്മപുതുക്കുകയാണ് ഈ ദിനത്തില്‍.
ക്രൈസ്തവ ദേവാലയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 12 വിശ്വാസികളുടെ പാദങ്ങള്‍ വൈദികന്‍ കഴുകി ചുംബിച്ചു.
പടന്നക്കാട് നല്ലിടയന്‍ ദേവാലയത്തില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യുഇളംതുരുത്തിപ്പടവിലും കാഞ്ഞങ്ങാട് ഉണ്ണിമിശിഹ ഫൊറോന പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ.ജോര്‍ജ് കളപ്പുരയും കാഞ്ഞങ്ങാട് അപ്പസ്‌തോല റാണി ദേവാലയത്തില്‍ ഫാ.ജോസ് അവന്നൂരും തിരുഹൃദയ ദേവാലയത്തില്‍ ഫാ.ജോയല്‍ മുകളേലും സിഎസ്‌ഐ ദേവാലയത്തില്‍ ഫാ.സജിത്ത് ദാസ് കോറോത്തും മേലടുക്കം ലൂര്‍ദ്ദ്മാതാ പള്ളിയില്‍ ഫാ.പീറ്റര്‍ പാറേക്കാട്ടിലും നീലേശ്വരം സെന്റ്‌മേരീസ് ദേവാലയത്തില്‍ ഫാ.ബോസ്‌കോ പുറത്തേമുതുകാട്ടിലും സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ ഫാ.ലോറന്‍സ് പനക്കലും പരപ്പ വിമലഗിരി സെന്റ് മേരീസ് ദേവാലയത്തില്‍ ഫാ.റോബിന്‍ കൊട്ടാരവും മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ ഫാ.ഡിനോ കുമ്മാനിക്കാട്ടും മാലോം സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ഫാ.ജോസഫ് തൈക്കുന്നുംപുറവും വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍ ഡോ.ജോണ്‍സണ്‍ അന്ത്യാംകുളവും കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കും തിരുകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി.
ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിശ്വാസികള്‍ വീടുകളില്‍ ഒത്തുചേര്‍ന്ന് പെസഹ അപ്പം മുറിച്ചു. കുടുംബനാഥന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങുകള്‍ നടന്നത്.

 

error: Content is protected !!