കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലെ ബി എല്‍ ഒ സവാദ് (32) പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്
ജോലി സമ്മര്‍ദ്ദം മൂലമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് സവാദിനെ മൊഗ്രാല്‍ പുഴയില്‍ അവശനിലയില്‍ കാണപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാവിലെ ഏഴുമണിയോടെ പുതിയതായി പണിയുന്ന വീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് സവാദ് സ്‌കൂട്ടറുമായി വീട്ടില്‍ നിന്നു ഇറങ്ങിയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ സവാദിന്റെ സ്‌കൂട്ടര്‍ മൊഗ്രാല്‍ പാലത്തിന് സമീപത്തു നിര്‍ത്തിയ നിലയില്‍ കാണപ്പെട്ടു. സംശയം തോന്നി പുഴയില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് അവശ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് ജനറല്‍ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തിയത്. അമിത ജോലി സമ്മര്‍ദ്ദമാണ് സവാദിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടതെന്നും ജില്ലാ കളക്ടര്‍ എത്താതെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും ആശുപത്രിയില്‍ എത്തിയവര്‍ പറഞ്ഞു. ഇതിനിടയില്‍ ആര്‍ ഡി ഒ ബിനു ജോസഫ്, എ എസ് പി അച്യുത് അശോക് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. ബന്ധുക്കള്‍ നിലപാട് കടുപ്പിച്ചതോടെ ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ അറിയിച്ചു. തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയത്. ചെര്‍ക്കള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനാണ് സവാദ്. ബദ്രഡുക്ക പോസ്റ്റാഫീസിലെ പോസ്റ്റുമാനായ ബീരാന്‍ കുഞ്ഞി എന്ന ഷാഫിയാണ് പിതാവ്. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: ഫാറൂഖ്(കെ എസ് ഇ ബി പൈവളിഗെ), സഫാരി, സൗഫ, സാസി.
