നീലേശ്വരം താലൂക്ക് പ്രഖ്യാപനം വൈകുന്നു: പ്രതിഷേധവുമായി വികസന സമിതി; വിഷയം സര്‍ക്കാരിനെ അറിയിക്കും

നീലേശ്വരം : ദീര്‍ഘകാലമായി നീലേശ്വരം കേന്ദ്രമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ജനകീയ ആവശ്യം ഇത്തവണത്തെ സംസ്ഥാന ബജറ്റിലും പരിഗണിക്കാത്തതിനെതിരെ ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം. ‘ഗണപതി കല്യാണം’ പോലെ നീണ്ടുപോകുന്ന താലൂക്ക് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വിഷയം സര്‍ക്കാരിന്റെയും ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം.

താലൂക്ക് രൂപീകരണം അനിവാര്യം

താലൂക്ക് വികസന സമിതിയില്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരാണ് നീലേശ്വരം താലൂക്ക് വിഷയം ഉന്നയിച്ചത്. ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാകാത്തത് പ്രദേശവാസികളില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ഈ ആവശ്യത്തെ പിന്തുണയ്ക്കുകയും യോഗത്തിന്റെ ഔദ്യോഗിക തീരുമാനമായി ഇത് സര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഗതാഗതക്കുരുക്കിന് മാര്‍ച്ച് ഒന്നിനകം പരിഹാരം
കാഞ്ഞങ്ങാട് നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വി. രമേശന്‍ അറിയിച്ചു. പോലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, നഗരസഭ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് മാര്‍ച്ച് ഒന്നിനകം പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കും. നഗരത്തിലെ അനധികൃത കച്ചവടങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാനും തീരുമാനിച്ചു.

ജല അതോറിറ്റിക്കെതിരെ രൂക്ഷവിമര്‍ശനം

നീലേശ്വരം താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയിലുള്ള ജലസംഭരണി പൊളിച്ചുമാറ്റാത്ത ജല അതോറിറ്റിയുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. കഴിഞ്ഞ യോഗത്തിലെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ചെറുവത്തൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ യോഗത്തിനെത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല. ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അനാസ്ഥ ഗൗരവതരമാണെന്ന് അധ്യക്ഷന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്‍ എന്നിവരും അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി.
ആരോഗ്യ മേഖലയിലെ പ്രതിസന്ധി
നീലേശ്വരം തൈക്കടപ്പുറം ആശുപത്രിയിലെ ഡോക്ടര്‍ ദീര്‍ഘകാല അവധിയിലായതിനാല്‍ ഉച്ചയ്ക്ക് ശേഷം ചികിത്സാ സൗകര്യം ലഭിക്കുന്നില്ലെന്ന് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി ചൂണ്ടിക്കാട്ടി. തീരദേശവാസികളടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന ഇവിടെ ഉടന്‍ പകരം ഡോക്ടറെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യാത്രക്കാരുടെ ദുരിതം

കണ്ണൂര്‍കാസര്‍ഗോഡ് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ കയറാത്തത് മൂലം യാത്രക്കാര്‍ക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നതായി സുരേഷ് പുതിയേടത്ത് പറഞ്ഞു. ഈ വിഷയത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. രാജേന്ദ്രന്‍ (ഉദുമ), ഡോ. സബിത (പുല്ലൂര്‍പെരിയ), സാജിത സഫറുള്ള (തൃക്കരിപ്പൂര്‍), വി. ഗോപി (വലിയപറമ്പ), രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ. ഹമീദ് ഹാജി, യു. ജയപ്രകാശ്, മൈക്കിള്‍ പൂവത്താനി തുടങ്ങിയവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

 

error: Content is protected !!