കാസര്‍കോട്: കോവിഡ് കണ്ടൈന്‍മെന്റ് സോണില്‍ ഡ്യൂട്ടിക്കിടയില്‍ പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 6 മാസം തടവും, 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം തടവും വിധിച്ചു. മധുര്‍, ഉളിയത്തടുക്ക ബ്ലൂ മൂണ്‍ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന കുഡ്ലു ഏരിയാല്‍ കുളങ്ങര ഹൗസില്‍ ബീരാന്‍ അജ്മല്‍ അമാന്‍ (26 ) നെയാണ് കാസര്‍കോട് അസ്സിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ പ്രിയശിക്ഷിച്ചത്. 2020 മെയ് മെയ് 5ന് മധുര്‍ എസ്പി നഗറില്‍ ഡ്യൂട്ടിക്കിടയില്‍ പ്രതി ഹെല്‍മെറ്റ് ധരിക്കാതെയും, മാസ്‌ക് ധരിക്കാതെയും, മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു വരുന്നത് കണ്ടു നിര്‍ത്താന്‍ കൈ കാണിച്ചു സിഗ്‌നല്‍ നല്‍കിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആയ അബ്ദുല്‍ വഹാബ്, സനൂപ് എന്നിവര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു കയറ്റുകയായിരുന്നു . സംഭവത്തില്‍ സനൂപിന്റെ ദേഹത്തു പരിക്കേറ്റു. പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം വരുത്തുകയും, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും സനൂപ് റോഡില്‍ തെറിച്ചു വീണതില്‍ മര്‍മ്മസ്ഥാനത്ത് കൊണ്ടിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു എന്ന എന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അന്നത്തെ വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന യു.പി.വിപിനാണ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വേണുഗോപാലന്‍,അഡ്വ. അഞ്ജലി എന്നിവര്‍ ഹാജരായി
