ആദിവാസികളുടെ തനത് അനുഷ്ഠാന കലകളുമായി ഗോത്രബന്ധു കലാസമിതി

കാഞ്ഞങ്ങാട്: ഒരു കുന്നിന്റെ ചുറ്റുപാടും ഊരുകളുള്ളപ്പോള്‍ താഴത്തെ ഊര് തായന്നൂരായി മാറിയത്രേ.ചുറ്റും കാടു മൂടി കിടന്ന ആ പ്രദേശത്ത് മാറി മാറി കുടില്‍ കെട്ടി താമസിച്ച ആദിവാസി ഊരില്‍ സന്ധ്യാനേരത്ത് ഊരുമൂപ്പന്‍ തുടിയെടുത്ത് കൊട്ടി പാടന്‍ തുടങ്ങും. പൊട്ടും കൊട്ടും മുറുകുമ്പോള്‍ ഊരുകളിലെ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ എല്ലാവരും തുടി ശബ്ദം കേട്ടിടത്ത് കൂട്ടം കൂടും.
ജന്മിയുടെ പാടത്ത് പകലന്തിയോളം പണിയെടുത്ത് തളര്‍ന്നെത്തുന്ന ഗോത്രജനതയുടെ സന്തോഷവും പ്രതിഷേധവും വിപ്ലവ മുദ്രാവാക്യങ്ങളുമായി അവരങ്ങനെ ചുവട് വയ്ക്കും.

എവിടെയും എഴുതി വച്ചിട്ടില്ലാത്ത,ലിപിയില്ലാത്ത ഭാഷയില്‍ ആദിവാസികള്‍ പാടിയ പാട്ടുകളും ചുവടുകളും കൈമോശം വന്നു പോകുന്ന കാലത്തിലാണ് തനതായ ആദിവാസി കലാരൂപങ്ങളും നാടന്‍ പാട്ടുകളും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാനും പ്രൊഫഷണല്‍ നാടന്‍ കലാസംഘമായി ഗോത്ര കലകള്‍ ജനകീയമാക്കാനുമായി തായന്നൂര്‍ ഗോത്രബന്ധു വികസന സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാവുന്നത്. കോടോം -മ്പേളൂരില്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് നടപ്പാക്കി വരുന്ന നബാര്‍ഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായാണ് ഒരു മാസത്തിലധികമായി ഗോത്രകലകളുടെ പരിശീലനം നടക്കുന്നത്.
മലവേട്ടുവന്‍ , മാവിലന്‍ വിഭാഗങ്ങളുടെ മംഗലം കളി, എരുതുകളി (കാള കളി), വയനാട്ടിലെ പണിയ വിഭാഗത്തിന്റെ പണിയ നൃത്തം എന്നിവയില്‍ 35 അംഗങ്ങള്‍ അടങ്ങുന്ന ടീം പരിശീലനം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

തനതായ ശൈലിയില്‍ മാറ്റം വരുത്താതെയാണ് വേദിയില്‍ അടക്കം അവതരിപ്പിക്കുക. രവികുറ്റിയടുക്കം, നാരായണന്‍ എന്നിവരാണ് മംഗലം കളി പരിശീലകര്‍. പണിയ സമുദായ അംഗവും നരിവേട്ട സിനിമയിലെ പണിയ ഭാഷ വിവര്‍ത്തകനുമായ പ്രസാദ് ചുള്ളിയോടാണ് പണിയ നൃത്ത പരിശീലകന്‍. അനുഷ്ഠാന കലാരൂപമായ എരുതുകളി ചന്ദ്രന്‍ വേങ്ങച്ചേരിയുടെ നേതൃത്വത്തില്‍ പരിശീലിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പില്‍ തായന്നൂര്‍ സാംസ്‌കാരിക നിലയത്തില്‍ വച്ച് ഗോത്രകലകളുടെ ആദ്യ അവതരണം നടന്നു. നബാര്‍ഡ് DDM കെ.എസ് ഷാരോണ്‍ വാസ്, പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ, പഞ്ചായത്ത് മെമ്പര്‍മാരായ രാജീവന്‍ ചീരോല്‍ , ഇ . ബാലകൃഷ്ണന്‍, പത്മനാഭന്‍ കുളമാവ്, ഗ്രീഷ്മ മനേഷ് , രാധിക വേങ്ങച്ചേരി, പ്രമോദ് തൊട്ടിലായി, കെ.എ. ജോസഫ്,സതീന്ദ്രന്‍ ചീരോല്‍, നാരായണന്‍ സര്‍ക്കാരി , ദാമോദരന്‍ മൊയാലം തുടങ്ങിയവ വര്‍ സംസാരിച്ചു. ഗോത്രകലാസംഘത്തിന് വേണ്ടി നബാര്‍ഡ് ഫണ്ടില്‍ അനുവദിച്ച വാദ്യോപകരണങ്ങളും, പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും പരിപാടിയില്‍ വിതരണം ചെയ്തു.
ക്യാമ്പ് കോര്‍ഡിനേറ്ററും, CRD പ്രോഗ്രാം മാനേജറുമായ ഇ.സി ഷാജി സ്വാഗതവും രമേശന്‍ മലയാറ്റുകര നന്ദിയുംപറഞ്ഞു.

error: Content is protected !!