ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരവും സാധുവും ആണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്. 2021 ല്‍ വാങ്ങിയ 32 സെന്റ് ഭൂമിയില്‍ 30 കോടിയോളം ചെലവഴിച്ച് 9 നില കെട്ടിടം പണിതതായും എം.വി. ഗോവിന്ദന് സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. 1998 ല്‍ താനും മുത്തച്ഛന് പി.ജനാര്ദനന് പിള്ളയും ചേര്‍ന്ന് വാങ്ങിയ 32 സെന്റ് ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി.
ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തന് കുടുംബാംഗങ്ങള്‍ ആയിരുന്നു. അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഈ ജപ്തി നടപടികള്‍ നടക്കുന്നതിനിടയിലാണ് ഇന്ദു ഭൂമി വാങ്ങിയത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇന്ദു ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന് കുറ്റപ്പെടുത്തി. എന്നാല്‍ സിപിഎം 2021 ല്‍ ഈ ഭൂമി വാങ്ങുമ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവില്‍ ഇല്ലായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ സിപിഎം നടത്തിയ ഭൂമി ഇടപാട് നിയമപരവും സാധുവും ആണെന്നും ഇന്ദുവിന്റെ ഹര്‍ജി തള്ളണമെന്നും ഗോവിന്ദന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
